21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 17, 2025
March 3, 2025
January 16, 2024
January 13, 2024
December 30, 2023
November 20, 2023
November 20, 2023
June 5, 2023
October 2, 2022

എണ്ണ ഇറക്കുമതി; റഷ്യയെ മറികടന്ന് സൗദി വീണ്ടും രണ്ടാം സ്ഥാനത്ത്

Janayugom Webdesk
ന്യൂഡല്‍ഹി
September 15, 2022 10:21 pm

ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ റഷ്യയെ മറികടന്ന് സൗദി അറേബ്യ വീണ്ടും രണ്ടാം സ്ഥാനത്ത്.
ആഗോള വിപണിയിലെ പ്രധാന ക്രൂഡ് ഓയില്‍ ഉപഭോക്താവാണ് ഇന്ത്യ. മൂന്ന് മാസത്തെ ഇടവേളയ്ക്കു ശേഷമാണ് സൗദി രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. അതേസമയം ഓഗസ്റ്റ് മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിലെ ഒന്നാം സ്ഥാനം ഇറാഖ് നിലനിര്‍ത്തി.
ഇന്ത്യയിലേക്ക് പ്രതിദിനം 8,63,950 ബാരലാണ് സൗദി കഴിഞ്ഞ മാസം കയറ്റുമതി ചെയ്തത്. ജൂലൈ മാസത്തിനേക്കാള്‍ 4.8 ശതമാനം വര്‍ധനയാണിത്. എന്നാല്‍ ഇതേ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി, പ്രതിദിനം 8,55,950 ബാരലായിരുന്നു. ഇത് തൊട്ടു മുമ്പത്തെ മാസത്തേക്കാള്‍ 2.4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
രാജ്യത്തേക്കുള്ള ശരാശരി ഇറക്കുമതി ചെലവായ ബാരലിന് 110 യുഎസ് ഡോളറില്‍ നിന്നും 16 ഡോളര്‍ വിലക്കിഴിവിലാണ് മെയ് മാസത്തില്‍ റഷ്യ ഇന്ത്യക്ക് ക്രൂഡ് ഓയില്‍ നല്‍കിയത്. ആ ഘട്ടത്തില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ ചൈനയ്ക്ക് പിന്നിലായി ഇന്ത്യ രണ്ടാം സ്ഥാനത്തേക്കും ഉയര്‍ന്നു.
ഇറാഖ് റഷ്യയില്‍ നിന്നുള്ളതിനേക്കാള്‍ ഒമ്പത് ഡോളര്‍ കുറവിനാണ് ജൂണ്‍ മാസത്തില്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന് ഇറാഖില്‍ നിന്നുള്ള ഇറക്കുമതിയില്‍ വന്‍തോതില്‍ വര്‍ധനവുണ്ടായി. ഇതിനിടെ വീണ്ടും വിലയിടിഞ്ഞപ്പോള്‍ സൗദിയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവും ഉയര്‍ന്നതോടെ ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ റഷ്യയുടെ സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.
അതേസമയം രാജ്യത്തേക്കുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ ആകെ വിഹിതത്തില്‍ ഒപെക് രാജ്യങ്ങളുടെ സംഭാവന താഴ്ന്നിട്ടുണ്ട്. ഓഗസ്റ്റ് മാസത്തില്‍ ആകെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ 59.80 ശതമാനം മാത്രമാണ് ഒപെക്കിന്റെ ഭാഗമായ എണ്ണയുല്പാദക രാജ്യങ്ങളില്‍ നിന്നുള്ളത്. കഴിഞ്ഞ 16 വര്‍ഷത്തിനിടയിലെ താഴ്ന്ന നിരക്കാണിത്. ക്രൂഡ് ഓയില്‍ ഉല്പാദിപ്പിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി കുറച്ചതാണ് ഒപെക്കിന്റെ വിഹിതം താഴാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 

Eng­lish Sum­ma­ry: Import of oil; Sau­di Ara­bia over­takes Rus­sia in sec­ond place again

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.