Site iconSite icon Janayugom Online

വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പരയിൽ 1–0ന് മുന്നിൽ

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തിളങ്ങുന്ന ജയം. ഇന്നിങ്‌സിനും 140 റണ്‍സിനും ആതിഥേയര്‍ വിന്‍ഡീസിനെ തകര്‍ത്തു. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടുവച്ച 286 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 146 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍: വെസ്റ്റ് ഇന്‍ഡീസ് ഒന്നാം ഇന്നിങ്‌സ് 162 ഓള്‍ ഔട്ട്, രണ്ടാം ഇന്നിങ്‌സ് 146. ഇന്ത്യ 448/5 ഡിക്ലയേഡ്.

മൂന്നാം ദിനം കളി ആരംഭിക്കുന്നതിനു മുമ്പേ തന്നെ ഇന്ത‍്യ ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ ബാറ്റിങ് തകർച്ച നേരിട്ട വിൻഡീസിന് തേജ്നരെയ്‌ൻ ചന്ദ്രർപോളിന്റെ വിക്കറ്റാണ് ആദ‍്യം നഷ്ടമായത്. ഇതിനു പിന്നാലെ ജോൺ ക‍്യാമ്പെലും പുറത്തായി. തുടർന്ന് ജഡേജ‑കുൽദീപ് സഖ‍്യം വിൻഡീസ് ബാറ്റർമാരായ ബ്രാൻഡൻ കിങ്, ഷായ് ഹോപ്, ക‍്യാപ്റ്റൻ റോസ്റ്റൻ ചേസ് എന്നിവരെ ക്രീസിൽ നിലനിർത്താതെ ഗ‍്യാലറിയിലേക്ക് മടക്കി. 49 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റ് വിന്‍ഡീസിന് നഷ്ടമായിരുന്നു. 38 റണ്‍സെടുത്ത അലിക് അതാന്‍സെയും 25 എടുത്ത ജസ്റ്റിന്‍ ഗ്രീവ്‌സുമാണ് വിന്‍ഡീസ് നിരയില്‍ അല്പമെങ്കിലും പിടിച്ചുനിന്നത്. 

സിറാജും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിച്ചത്. സിറാജ് 31 റണ്‍സ് വിട്ടുകൊടുത്ത് മൂന്നും ജഡേജ 54 റണ്‍സിന് നാലും വിക്കറ്റെടുത്തു. കുൽദീപ് യാദവ് രണ്ട് വിക്കറ്റും വാഷിങ്ടൺ സുന്ദര്‍ ഒരു വിക്കറ്റും നേടി. ജസ്‌പ്രീത് ബുംറയ്ക്ക് രണ്ടാമിന്നിങ്സിൽ വിക്കറ്റൊന്നുമില്ല. സിറാജ് മത്സരത്തിലാകെ ഏഴ് വിക്കറ്റ് നേടി. സെഞ്ചുറി നേടി ബാറ്റിങ്ങിലും തിളങ്ങിയ ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്. ഇന്ത്യക്കു വേണ്ടി ജഡേജയെ കൂടാതെ ഓപ്പണർ കെ എൽ രാഹുലും വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലും സെഞ്ചുറി നേടിയിരുന്നു.

Exit mobile version