Site iconSite icon Janayugom Online

വിചാരണയില്ലാതെ തടവ് സുപ്രീം കോടതി നൽകുന്ന പ്രതീക്ഷ

ൽഹി മദ്യനയക്കേസിൽ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിതയുടെയും ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്റെ സഹായി പ്രേം പ്രകാശിന്റെയും ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ബിജെപി ഭരണകാലത്ത് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്ഷപാതത്തെയും നിയമവിരുദ്ധ നടപടികളെയും തുറന്നുകാട്ടുന്നതാണ്. ഇതിപ്പോൾ ആദ്യത്തേതല്ല. സമാനമായ പല നിരീക്ഷണങ്ങളും രാജ്യത്തെ വിവിധ കോടതികളിൽ നിന്നുണ്ടാകുന്നു, പ്രത്യേകിച്ച് സുപ്രീം കോടതിയിൽ നിന്ന്. മദ്യനയക്കേസിൽ തന്നെ മനീഷ് സിസോദിയയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത് ഒന്നരവർഷത്തിലധികം തടവിലിട്ട നടപടിയെയും സമാന നിരീക്ഷണങ്ങൾ നടത്തിയാണ് അദ്ദേഹത്തിന് ജാമ്യമനുവദിച്ചത്. ജാമ്യം ഒരു നിയമമാണെന്നും ഒരു കേസിന്റെ പേരിൽ നീണ്ടകാലം ജയിലിൽ അടയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. 17 മാസം ജയിലിൽ കിടന്ന ശേഷമായിരുന്നു അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. ആളുകളെ കേസിൽ കുടുക്കുകയും വിചാരണ പോലുമില്ലാതെ മാസങ്ങളും വർഷങ്ങളും തടവിലിടുകയും ചെയ്യുന്ന രീതി മിക്കവാറും എല്ലാ കേന്ദ്ര അന്വേഷണ ഏജൻസികളും അനുവർത്തിക്കുന്നുണ്ട്. ബിജെപി അധികാരത്തിലെത്തി യതിനുശേഷം അതിന് സംഘടിതരൂപം കൈവരികയും വേട്ടയാടൽ ഉപാധിയായി മാറ്റുകയും ചെയ്തു. ഇഡിക്ക് പുറമേ, ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), ആദായ നികുതി (ഐടി) വകുപ്പ്, തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) എന്നിവയെല്ലാം ഒരേപോലെ എതിരാളികളെ വേട്ടയാടുന്ന സാഹചര്യത്തിൽ ഇത്തരം വിധികൾ ആശ്വാസം നൽകുന്നു. ഉത്തർപ്രദേശിലെ എടിഎസ് 2015ൽ കസ്റ്റഡിയിലെടുത്ത് തടവിലിട്ട ഷെയ്ഖ് ജാവേദ് ഇഖ്ബാൽ കേസിലും സമാനപരാ‍മർശങ്ങളാണുണ്ടായത്. യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയാണ് വിചാരണയില്ലാതെ അദ്ദേഹത്തെ തടവിലിട്ടത്. ഈ കേസിലാണ് വേഗത്തിലുള്ള വിചാരണയ്ക്ക് എല്ലാ പ്രതികൾക്കും അവകാശമുണ്ടെന്നും കുറ്റകൃത്യങ്ങൾ ഗൗരവതരമാണെന്ന കാരണത്താൽ മാത്രം ജാമ്യം നിഷേധിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയത്. മുൻവിധികളെ ആശ്രയിക്കരുതെന്നും വിചാരണ പൂർത്തിയാക്കാനുള്ള സാധ്യതയാണ് കസ്റ്റഡി കാലാവധി നീട്ടുമ്പോൾ മനസിലുണ്ടാകേണ്ടതെന്നും പരമോന്നത കോടതി വ്യക്തമാക്കിയിരുന്നു. ജുഡീഷ്യൽ കസ്റ്റഡി കാടത്തമായും നടപടികൾതന്നെ ശിക്ഷയായും മാറുന്നുവെന്നും കോടതിയുടെ പരാമർശങ്ങളുമുണ്ടായിട്ടുണ്ട്. കീഴ്‍ക്കോടതികൾ പലപ്പോഴും അന്വേഷണ ഏജൻസികളുമായി ചേർന്നു നിൽക്കുന്നുവെന്ന കുറ്റപ്പെടുത്തലും ഒരുവേള സുപ്രീം കോടതിയിൽ നിന്നുണ്ടായി.

അജണ്ടകള്‍ക്ക് മൂര്‍ച്ചയേകുന്ന ദേശീയ വിദ്യാഭ്യാസ നയം

ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം കുറ്റാരോപിതനായ വിചാരണ തടവുകാർക്ക് പലപ്പോഴും അവകാശങ്ങൾ ലംഘിക്കപ്പെടുന്നു. ജലാലുദ്ദീൻ ഖാനും കേന്ദ്ര സർക്കാരും തമ്മിലുള്ള ഒരു കേസിലും അടുത്തിടെ സുപ്രീം കോടതിയുടെ നിരീക്ഷണമുണ്ടായി. പ്രത്യേക കോടതിയും ഹൈക്കോടതിയും കുറ്റപത്രത്തിലെ കാര്യങ്ങൾ വസ്തുനിഷ്ഠമായി പരിഗണിച്ചില്ലെന്നും പ്രതികൾ നിയമവിരുദ്ധമായ സംഘടനയിൽ പെട്ടവരാണെന്ന കാരണത്താൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കീഴിലുള്ള കുറ്റം ചുമത്തിയെന്നും പറയുകയുണ്ടായി. അർഹതപ്പെട്ട കേസുകളിൽ കോടതികൾ ജാമ്യം നിഷേധിക്കാൻ തുടങ്ങിയാൽ, അത് ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനമാകുമെന്നും വിധിച്ചു. മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകുമ്പോഴും സുപ്രധാന നിരീക്ഷണങ്ങൾ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായി. അറസ്റ്റിനുള്ള അധികാരം അനിയന്ത്രിതമല്ലെന്നും അറസ്റ്റിന് മുമ്പ് അതിന്റെ ആവശ്യകത പൊലീസ് പരിഗണിക്കണമെന്നും കോടതി പറഞ്ഞിരുന്നു. അറസ്റ്റിന് മുമ്പ് നിയമോപദേശം തേടാനും 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കപ്പെടാനും കുറ്റാരോപിതർക്ക് അവകാശമുണ്ടെന്ന് ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബീർ പുർകായസ്തയുടെ കേസിലും കോടതി വ്യക്തമാക്കിയതാണ്.

മാധ്യമ സ്വാതന്ത്ര്യത്തിനുള്ള അംഗീകാരം

ഇതേ സാഹചര്യത്തിലുള്ള ജാമ്യവിധിയും നിരീക്ഷണങ്ങളുമാണ് കെ കവിതയുടെയും പ്രേം പ്രകാശിന്റെയും കാര്യത്തിലുമുണ്ടായത്. അന്വേഷണം പൂർത്തിയാകുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്നതുവരെ ചോദ്യം ചെയ്യലിനായി കുറ്റാരോപിതരെ ജയിലിൽ പാർപ്പിക്കുന്ന സമീപനത്തെയും വിമർശിച്ചു. കവിതയെ ജയിലിലാക്കിയ കൂട്ടുപ്രതിയുടെ മൊഴിയുടെ സത്യസന്ധതയിൽ സംശയമുണ്ടാകുക സ്വാഭാവികമാണ്. കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് എന്തടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ തെളിയിക്കാൻ ശ്രമിച്ചതെന്ന് ആരാഞ്ഞ കോടതി സ്വയം കുറ്റം സമ്മതിച്ചയാളെ മാപ്പുസാക്ഷിയാക്കിയെന്നും കുറ്റപ്പെടുത്തി. വിചാരണ നീതിയുക്തമാകണമെന്നും ഇഷ്ടംപോലെ പ്രതിയെ തിരഞ്ഞെടുക്കാനാവില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു. ജാമ്യവും ജയിലിൽ നിന്ന് ഒഴിവാക്കലുമാണ് ചട്ടമെന്നായിരുന്നു പ്രേം പ്രകാശ് കേസിലുണ്ടായ നിരീക്ഷണം. ബിജെപി അധികാരത്തിലെത്തിയതിനുശേഷമുള്ള പത്ത് വർഷങ്ങൾക്കിടെ വിവിധ കേന്ദ്ര ഏജൻസികളുടെ മുൻധാരണകളുടെ ഫലമായി പല കാരണങ്ങളാൽ ജയിലിൽ കഴിയുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ ഏജൻസികളെ നഗ്നമായി കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നതിന്റെ അനന്തരഫലമായാണ് ഇത് സംഭവിക്കുന്നത്. എതിരാളികളെയും പ്രതിപക്ഷ നേതാക്കളെയും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയുമെല്ലാം വ്യാജ കേസുകളിൽപ്പെടുത്തി അറസ്റ്റ് ചെയ്യുകയും വിചാരണപോലുമില്ലാതെ ജയിലിൽ പാർപ്പിക്കുകയുമാണ് ചെയ്യുന്നത്. ഈ പശ്ചാത്തലത്തിലാണ് ഭരണഘടനാ ലംഘനവും വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതുമാണ് വിചാരണകൂടാതെ ദീർഘകാലം ജയിലിലിടുന്ന നടപടിയെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം പ്രസക്തവും വലിയ വിഭാഗത്തിന് പ്രതീക്ഷയുമാകുന്നത്.

Exit mobile version