4 March 2024, Monday

അജണ്ടകള്‍ക്ക് മൂര്‍ച്ചയേകുന്ന ദേശീയ വിദ്യാഭ്യാസ നയം

ഒ കെ ജയകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി, എകെഎസ്‌ടിയു)
August 12, 2023 4:15 am

തിര്‍പ്പുകള്‍ മറികടന്ന് പുതിയ ദേശീയ വിദ്യാഭ്യാസ നയം രാജ്യത്ത് നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു. ചില സംസ്ഥാനങ്ങള്‍ പൂര്‍ണമായും മറ്റു ചിലര്‍ നയത്തിലെ ചില ഭാഗങ്ങളും. കോവിഡിന്റെ നിസഹായതയില്‍ പാര്‍ലമെന്റിനെപ്പോലും വകവയ്ക്കാതെ പാസാക്കിയെടുത്ത പുത്തന്‍ വിദ്യാഭ്യാസ നയം, ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളൊന്നും മാനിക്കാതെ നടപ്പാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നത്. ഓരോ സംസ്ഥാനവും നയം നടപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കേന്ദ്രം പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ ട്രാക്കറിലെ പുരോഗതി വിശകലനം ചെയ്തുകൊണ്ടാണ് രാജ്യത്ത് എന്‍ഇപി നടപ്പാക്കിത്തുടങ്ങിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. നയം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച സംസ്ഥാനങ്ങളെ പിടികൂടാന്‍ ട്രാക്കറിനെയും, വിലയിരുത്തല്‍ സൂചകങ്ങളെയും കെണിയാക്കിയിരിക്കുകയാണ്.
പുതിയ വിദ്യാഭ്യാസ നയം രാജ്യം ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളും മൂല്യങ്ങളും ഇല്ലായ്മ ചെയ്യുമെന്നും വിദ്യാലയങ്ങളെ വര്‍ഗീയ വിഭജനത്തിന്റെ പ്രാഥമിക ഇടങ്ങളായി മാറ്റുമെന്നും തുടക്കത്തിലേ വിമര്‍ശനമുയര്‍ന്നിട്ടുള്ളതാണ്. നയത്തിനെതിരെ ആദ്യഘട്ടത്തിലുണ്ടായ പ്രതിഷേധങ്ങളൊന്നും ഇപ്പോഴുണ്ടാകുന്നില്ല എന്നത് കേന്ദ്ര സര്‍ക്കാരിന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ടാകും. ഇത് കേവലം വിദ്യാഭ്യാസ രംഗത്തുള്ളവരുടെയും കുട്ടികളുടെയും മാത്രം പ്രശ്നമല്ല എന്നത് പ്രചരിപ്പിക്കപ്പെട്ടിട്ടില്ല. മറ്റ് വിഷയങ്ങളെപ്പോലെ ഇതൊരു രാഷ്ട്രീയ വിഷയമായി ബഹുജനങ്ങളിലെത്തേണ്ടതുണ്ട്. സംഘ്പരിവാര്‍ തങ്ങളാഗ്രഹിക്കുന്നതെന്തും ഏതുവിധേനയും നടപ്പിലാക്കുമെന്ന പൊതുധാരണ സമൂഹത്തില്‍ വളര്‍ന്നുവരുന്നുണ്ട്. അതിനവര്‍ വിശ്വാസത്തെയും മതത്തെയും ഭയപ്പെടുത്തലിന്റെ മാര്‍ഗത്തെയും അവലംബിച്ചുവരുന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.


ഇതുകൂടി വായിക്കൂ:  ഉന്നത വിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം


രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് വര്‍ഗീയ ഫാസിസ്റ്റ് അജണ്ടകളെ തുറന്നെതിര്‍ക്കുന്നതില്‍ മുന്‍പന്തിയില്‍ എന്ന അനുഭവമാണ് സംഘ്പരിവാറിനെ അവരുടെ അജണ്ടകള്‍ ഉറപ്പിക്കുന്ന ഉപകരണമായി വിദ്യാഭ്യാസ നയത്തെ രൂപപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയുടെ മതേതര, ജനാധിപത്യ, ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായ നയം, പുറമെ നല്ലതെന്ന് തോന്നിപ്പിക്കുകയും ഭാരതവല്‍ക്കരണമെന്നപേരില്‍ പൗരാണികതയെയും മിത്തുകളെയും പാഠപുസ്തകങ്ങളില്‍ തിരുകിക്കയറ്റുകയും ചെയ്യുന്നു. ഇതിനുദാഹരണമാണ് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്നും മധ്യകാല ചരിത്രത്തിന്റെ നിരാസവും ദാരിദ്ര്യം, ജാതീയത, സാമൂഹ്യനീതി, തൊഴിലാളി മുന്നേറ്റം, വിപ്ലവ പ്രസ്ഥാനങ്ങള്‍ എന്നിവയുടെ ഒഴിവാക്കലും.

ചരിത്ര പാഠപുസ്തകത്തില്‍ നിന്നും സുല്‍ത്താനേറ്റ്-മുഗളകാലങ്ങള്‍ നീക്കം ചെയ്യുമ്പോള്‍ ഏതാണ്ട് മുന്നൂറ് വര്‍ഷത്തെ ഇന്ത്യയിലെ വിജ്ഞാന വികാസങ്ങളൊന്നും കുട്ടികള്‍ അറിയേണ്ടതില്ല എന്ന് ഭരണകൂടം തീരുമാനിക്കുകയാണ്. ശാസ്ത്ര പഠനശാഖകളില്‍ ഗവേഷണങ്ങളിലൂടെ മുന്നേറുന്ന പരിണാമ സിദ്ധാന്തവും പാഠപുസ്തകങ്ങളില്‍ വേണ്ടെന്ന് തീരുമാനിക്കുന്നു. പകരം ‘ദശാവതാരം’ സ്ഥാനം പിടിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. പുഷ്പകവിമാനവും പ്ലാസ്റ്റിക് സര്‍ജറിയും പുരാണ സങ്കല്പങ്ങളും സാമൂഹ്യാന്തരീക്ഷത്തില്‍ സ്ഥാനം പിടിക്കുന്നത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ചുകൊണ്ടാണ്. എന്‍സിഇആര്‍ടി ഡയറക്ടര്‍ പാഠഭാഗങ്ങളുടെ ഒഴിവാക്കലിനെക്കുറിച്ച് പ്രതികരിച്ചത് കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണിതെന്നാണ്. എന്നാല്‍ സംഘ്പരിവാര്‍ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായവ പഠനഭാര കാരണം പറഞ്ഞ് പാഠപുസ്തകത്തില്‍ നിന്നുമൊഴിവാക്കുന്നു എന്നതാണ് വസ്തുത. ശാസ്ത്രീയമായി ലോക കാഴ്ചപ്പാടിനനുസൃതമായി വിദ്യാഭ്യാസത്തെ വികസിപ്പിക്കുന്നതിന് പകരം അന്ധവിശ്വാസത്തിലേക്കും പാരമ്പര്യവാദത്തിലേക്കും ചുരുക്കാനാണ് പുതിയ നയം ശ്രമിക്കുന്നത്. പ്രധാനമന്ത്രി മുന്നോട്ടുവച്ചിട്ടുള്ള ‘പാഞ്ച് പ്രാണ്‍ പ്രതിജ്ഞ’യിലെ ആശയങ്ങള്‍ ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ദേശീയ വിദ്യാഭ്യാസ നയം അതിന്റെ ദര്‍ശനമായി ഉയര്‍ത്തിക്കാട്ടിയത് ദേശീയതയും ഭാരത കേന്ദ്രീകൃത വിദ്യാഭ്യാസവുമാണ്.


ഇതുകൂടി വായിക്കൂ: വിദ്യാഭ്യാസ ലക്ഷ്യങ്ങളെ വഴിതെറ്റിക്കുന്ന ദേശീയനയം


ഫാസിസ്റ്റുകളുടെ എക്കാലത്തെയും ഉപകരണം തീവ്രദേശീയതയായിരുന്നല്ലോ. ബിജെപി ഭരിക്കുന്ന ഗുജറാത്തില്‍ സ്കൂള്‍‍ പരീക്ഷയിലെ‍ ‘ഗാന്ധിജി എങ്ങനെ ആത്മഹത്യ ചെയ്തു’ എന്ന ചോദ്യവും കര്‍ണാടകത്തില്‍ ബിജെപി ഭരണകാലത്ത് രൂപം നല്‍കിയ അഞ്ചാം തരം സാമൂഹ്യശാസ്ത്ര പുസ്തകത്തില്‍ സവര്‍ക്കര്‍ ‘വീര സവര്‍ക്കറായതെങ്ങനെയെന്ന് വിവരിക്കുന്നതും ബോധപൂര്‍വമായ ഫാസിസ്റ്റ് ഇടപെടലുകളാണ്. ആന്‍ഡമാനിലെ സെല്ലുലാര്‍ ജയിലില്‍ നിന്നും ബുള്‍ബുള്‍ പക്ഷിയുടെ ചിറകിലേറി സ്വദേശത്ത് സേവനം ചെയ്യാന്‍ പറന്നെത്തിയ സവര്‍ക്കറെ അതിഭാവനയിലൂടെ അവതരിപ്പിച്ചത് പിഞ്ചുകുഞ്ഞുങ്ങളില്‍ മിത്തും സത്യവും കുത്തിവയ്ക്കുന്ന നയത്തിലൂടെതന്നെ.
വിദ്യാഭ്യാസം നേടേണ്ട ഘട്ടത്തില്‍ തൊഴില്‍ പരിശീലനത്തിന്റെ പേരില്‍ ‘ജാതി തൊഴില്‍’ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നത് സാമൂഹ്യമായി പിന്നാക്കം നില്‍ക്കുന്നവരെ പഠനം നിര്‍ത്തിപ്പോകാന്‍ പ്രേരിപ്പിക്കും. ഗവേഷണരംഗത്തെ യുജിസിയില്‍ നിന്നും വേര്‍പെടുത്തി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതിയാക്കി മാറ്റാനുള്ള ബില്‍ പാര്‍ലമെന്റില്‍ ശാസ്ത്ര വകുപ്പ് മന്ത്രി ജിതേന്ദ്രസിങ് അവതരിപ്പിച്ചു കഴിഞ്ഞു. നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ രൂപീകരിച്ചത് ഗവേഷണത്തിന്റെ നയവും ഫണ്ടും ആശയങ്ങളും ഇനിമേല്‍ ഈ സമിതി തീരുമാനിക്കാനാണ്. സംസ്ഥാനങ്ങളില്‍ സ്വയം ഭരണാവകാശത്തോടെ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഗ്രന്ഥശാലകളെ ഭരണഘടനാ ഭേദഗതിയിലൂടെ നിയന്ത്രണത്തിലാക്കുവാന്‍ ഏറ്റവുമൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. സാക്ഷരതയും പുരോഗമനാശയങ്ങളും ജനങ്ങളിലെത്തിച്ച ഗ്രാമീണ ഗ്രന്ഥാലയങ്ങള്‍ തങ്ങളുടെ ആശയ പ്രചരണത്തിന് തടസമാകുന്നു എന്ന തിരിച്ചറിവാണ് ഈ നീക്കത്തിനു പിന്നില്‍.


ഇതുകൂടി വായിക്കൂ: ‘അമൃതകാലത്തും വിദ്യാഭ്യാസത്തിന് അവഗണന


പുതിയ സാഹചര്യത്തില്‍ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ക്ക് ഈ നയങ്ങള്‍ക്കെതിരെ എത്രമാത്രം പ്രതിരോധം തീര്‍ക്കാന്‍ കഴിയും എന്നതില്‍ ആശങ്കയുണ്ട്. പൊതുവിദ്യാഭ്യാസരംഗത്ത് പകരം പുസ്തകങ്ങളുള്‍പ്പെടെ ബദലുകള്‍ക്ക് കേരളം സാധ്യത തേടുന്നുണ്ട്. എന്നാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ എന്‍ഇപി മുന്നോട്ടുവയ്ക്കുന്ന മാറ്റങ്ങള്‍ അപ്പാടെ സ്വീകരിക്കുന്നത് ആശാവഹമല്ല. ഫണ്ടുകള്‍ മാത്രം മുന്നില്‍ കണ്ട് പരിഷ്കാരങ്ങളെ കണ്ണടച്ച് സ്വീകരിക്കുന്നത് പ്രതിരോധത്തിന്റെ കവചമുടയ്ക്കുമെന്നത് കാണണം. എല്ലാം എന്‍ഇപിയില്‍ പൊതിഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍ അതിനെതിരെ പ്രത്യേകിച്ചും അതിന്റെ ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ ജനകീയ പ്രതിരോധം ഉയര്‍ന്നുവരേണ്ട സാഹചര്യം അതിക്രമിച്ചുകഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.