Site iconSite icon Janayugom Online

ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇസ്ലാമാബാദ് ഹൈക്കോടതി അങ്കണത്തില്‍ വച്ച് അറസ്റ്റ് ചെയ്തെന്നാണ് പാക് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അറസ്റ്റിനു പിറകെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിവിധ കേസുകളില്‍ ജാമ്യം തേടാനായി കോടതിയിലെത്തിയതായിരുന്നു ഇമ്രാൻ ഖാൻ.

ഇമ്രാന്‍ ഖാന്റെയും ഭാര്യയുടെയും ഉടമസ്ഥതയിലുള്ള അൽ ഖാദിർ ട്രസ്റ്റിന് ബഹ്‌റിയ ടൗൺ 530 മില്യൺ വിലമതിക്കുന്ന ഭൂമി അനുവദിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്ന ഇസ്ലാമാബാദ് പൊലീസിന്റെ ഉറുദുവിലുള്ള ട്വീറ്റും മാധ്യമങ്ങള്‍ പങ്കുവച്ചു. 

പാകിസ്ഥാന്റെ 22-ാമത് പ്രധാനമന്ത്രിയായി 2018 ഓഗസ്റ്റ് മുതൽ 2022 ഏപ്രിൽ വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) എന്ന രാഷ്ട്രീയ പാർട്ടിയുടെ ചെയർമാനാണ് ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി എന്ന ഇമ്രാന്‍ ഖാന്‍.

1996ലാണ് പിടിഐ സ്ഥാപിക്കുന്നത്. 2002ലെ പൊതുതെരഞ്ഞെടുപ്പിൽ ദേശീയ അസംബ്ലിയിലേക്ക് ഒരു സീറ്റ് നേടി. 2007 വരെ മിയാൻവാലിയിൽ നിന്ന് പ്രതിപക്ഷ അംഗമായി പ്രവർത്തിച്ചു. 2008ലെ പൊതുതെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ഖാന്റെ പാര്‍ട്ടി, 2013ലെ പൊതുതെരഞ്ഞെടുപ്പിൽ ജനകീയ വോട്ടിലൂടെ രണ്ടാമത്തെ വലിയ കക്ഷിയായി. 2018ല്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയാവുകയും സ്വതന്ത്രരുമായി ഒരു സഖ്യ സർക്കാർ രൂപീകരിച്ച് ഖാൻ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു.

2022 ഏപ്രിലിൽ അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടു. പാകിസ്ഥാന് ഇത് ആദ്യ അനുഭവമായിരുന്നു. തന്നെ തടഞ്ഞുവച്ച് പീഡിപ്പിക്കുന്നുവെന്ന സഹായിയുടെ പരാതിയില്‍ ഇമ്രാന്‍ ഖാനെതിരെ തീവ്രവാദ വിരുദ്ധ നിയമങ്ങൾ പ്രകാരം ഓഗസ്റ്റിൽ അദ്ദേഹത്തിനെതിരെ കേസെടുത്തു. പിറകെ അഴിമതിയടക്കം ഒന്നിലേറെ കേസുകള്‍ ഖാനെതിരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടു.

എന്നാല്‍ തനിക്കെതിരെയുള്ളത് രാഷ്ട്രീയ നീക്കങ്ങളാണെന്ന് ആരോപിച്ച് ഖാന്‍ രാജ്യത്ത് പ്രചാരണം ആരംഭിച്ചു. നവംബറിൽ പഞ്ചാബിലെ വസീറാബാദിൽ ഒരു രാഷ്ട്രീയ റാലിക്കിടെ ഇമ്രാന്‍ ഖാനെതിരെ വധശ്രമമുണ്ടായി.

Eng­lish Sam­mury: For­mer Pak­istan Prime Min­is­ter Imran Khan was arrested

Exit mobile version