Site iconSite icon Janayugom Online

ബിഹാറില്‍ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി; ആദ്യഘട്ടത്തിൽ 60.13% പോളിങ്

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വിധിയെഴുത്ത് പൂര്‍ത്തിയായി. ആദ്യഘട്ടത്തിൽ 60.13% പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചു മണിവരെയുള്ള കണക്കാണിത്. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്. ഒന്നാം ഘട്ടത്തില്‍ 3.75 കോടി വോട്ടര്‍മാരായിരുന്നു വിധിയെഴുതേണ്ടിയിരുന്നത്. ബഗുസാരായിയിൽ ആണ് കൂടുതൽ പോളിങ് നടന്നത് 67.32%. കുറഞ്ഞ പോളിങ് ഷെയ്ഖ്പുരയിലും 52.36%.

മുഖ്യമന്ത്രി നിതീഷ് കുമാർ, മന്ത്രിമാരായ സമ്രത് ചൗധരി, വിജയ് കുമാർ സിൻഹ, ഇന്ത്യാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആർജെ‍ഡി നേതാവ് തേജസ്വി യാദവ്, കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിങ്, രാജീവ് രഞ്ജൻ സിങ് തുടങ്ങിയ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. 2020‑ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാസഖ്യമാണ് ആദ്യഘട്ട മണ്ഡലങ്ങളില്‍ മുന്‍തൂക്കം നേടിയത്. 121 ല്‍ 63 സീറ്റുകള്‍ സ്വന്തമാക്കി. എന്‍ഡിഎ സഖ്യം 55 സീറ്റുകളാണ് നേടിയത്. 11ന് നടക്കുന്ന രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ 122 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. 14നാണ് വോട്ടെണ്ണല്‍.

Exit mobile version