Site iconSite icon Janayugom Online

ചന്ദ്രയാനില്‍ മോഡിയുടെ ബിംബവല്‍ക്കരണം അല്പത്തം

രിത്രത്തെ വികലമായി ചിത്രീകരിക്കുവാനും തെറ്റായ കാര്യങ്ങള്‍ പഠിപ്പിക്കുവാനും പാഠപുസ്തകങ്ങളെ ഉപയോഗിക്കുന്ന രീതി ബിജെപി അധികാരത്തിലെത്തിയതു മുതല്‍ ശക്തവും വ്യാപകവുമാണ്. പാഠഭാഗങ്ങളില്‍ തങ്ങളുടെ ആശയങ്ങളും നിരീക്ഷണങ്ങളും വ്യാജചരിത്രങ്ങളും അവതരിപ്പിക്കുന്നതിന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എജ്യൂക്കേഷന്‍ റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങി(എന്‍സിഇആര്‍ടി)ന്റെ പാഠപുസ്തകങ്ങളെ ദുരുപയോഗം ചെയ്യുന്നു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചി(ഐസിഎച്ച്ആര്‍)നെ മുന്നില്‍ നിര്‍ത്തി വ്യാജചരിത്ര നിര്‍മ്മിതിക്കും ശ്രമം ന‍ടത്തുന്നു. ഇതിനുപുറമേ ചരിത്ര സ്മാരകങ്ങളും ഇതര മതസ്ഥരുടെ ആരാധനാലയങ്ങളും കൈവശപ്പെടുത്തുന്നതിനും അതിന്റെ പേരില്‍ വിദ്വേഷം പടര്‍ത്തുന്നതിനും തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന പദ്ധതികള്‍ക്ക് പുരാവസ്തു സര്‍വേ വകുപ്പിനെ പോലും നിര്‍ബന്ധിക്കുന്നു. അതിനനുസൃതമായ സര്‍വേകള്‍ സമീപകാലത്തു നടന്നതായി ആരോപണമുയര്‍ന്നതുമാണ്. അവിടെയും അവസാനിപ്പിക്കാതെ ഏറ്റവും ഒടുവില്‍ ചന്ദ്രയാന്‍ ദൗത്യം ഉള്‍പ്പെടെ ശാസ്ത്രനേട്ടങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് അവകാശപ്പെട്ടതാണെന്ന് സ്ഥാപിക്കുന്ന പുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പുറത്തിറക്കിയിരിക്കുന്നു. അധികവായനയ്ക്കായി നല്‍കിയിരിക്കുന്ന പുസ്തകങ്ങളിലൂടെയാണ് ഈ വ്യാജ ബിംബനിര്‍മ്മിതിക്കുള്ള ശ്രമം നടത്തിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ചരിത്രവും വര്‍ത്തമാനവും വെട്ടി എന്‍സിഇആര്‍ടി


നഴ്സറി ക്ലാസുകളിലെ കുട്ടികള്‍ക്കുള്ള പുസ്തകത്തിലാണ് വ്യാജസ്തുതിയുള്ളത്. രണ്ടാം ചാന്ദ്രദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ദുഃഖിതരായിരുന്ന ശാസ്ത്രജ്ഞരെ ആത്മവിശ്വാസം നല്‍കി ഉണര്‍ത്തിയതും അടുത്ത പരീക്ഷണത്തിന് പ്രേരിപ്പിച്ചതും മോഡിയായിരുന്നു എന്നാണ് അച്ചടിച്ചുവച്ചിരിക്കുന്നത്. മോഡിയുടെ പ്രേരണയെ തുടര്‍ന്ന് ശാസ്ത്രജ്ഞര്‍ ഒരുമിച്ച് പുതിയ പരീക്ഷണം ആരംഭിക്കുകയും അങ്ങനെ വികസിപ്പിച്ച പദ്ധതിയുമായി ചന്ദ്രയാന്‍ 3 വിജയത്തിലെത്തുകയുമായിരുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ എന്നാണ് കുട്ടികളോടുള്ള ചോദ്യം. എത്ര ബാലിശവും യുക്തിക്ക് നിരക്കാത്തതുമായ വിവരങ്ങളാണ് കുഞ്ഞുമനസിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതെന്ന് ആലോചിക്കേണ്ടതുണ്ട്. ലോകത്ത് ബഹിരാകാശ ഗവേഷണ രംഗത്തു മാത്രമല്ല ഒരു മേഖലയിലും പരീക്ഷണങ്ങള്‍ ആദ്യം തന്നെ വിജയം നേടിയത് അപൂര്‍വമാണ്. നിരവധി ഘട്ട പരീക്ഷണങ്ങള്‍ക്കുശേഷമാണ് റൈറ്റ് സഹോദരന്മാര്‍ വിമാനം കണ്ടെത്തിയത്. 1903ല്‍ അവരുണ്ടാക്കിയ ആദ്യ വിമാനം കേവലം 850 അടി ദൂരമാണ് സഞ്ചരിച്ചത്. 1904ല്‍ കുറച്ചുകൂടി ദൂരത്തില്‍ സഞ്ചരിക്കുന്ന വിമാനമുണ്ടാക്കി. ഇപ്പോഴത്തെ രൂപത്തിലെത്തുമ്പോഴേക്കും വിമാനങ്ങള്‍ വേഗത്തിലും ദൂരത്തിലും എല്ലാം എത്രയോ മുന്നേറിയിട്ടുണ്ട്.


ഇതുകൂടി വായിക്കൂ: അജണ്ടകള്‍ക്ക് മൂര്‍ച്ചയേകുന്ന ദേശീയ വിദ്യാഭ്യാസ നയം


അതുപോലെത്തന്നെയാണ് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന്റെയും മുന്നേറ്റം. ചന്ദ്രയാന്‍ ദൗത്യം 3 ലേക്ക് ഇന്ത്യ എത്തിയത് 2014ല്‍ നരേന്ദ്ര മോഡി പ്രധാനമന്ത്രി ആയതിനെത്തുടര്‍ന്നല്ല. കഴി‍ഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം മുതല്‍ ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ആരംഭിച്ചതും വിവിധഘട്ട പരീക്ഷണങ്ങളിലൂടെ കൈവരിച്ചതുമായ നേട്ടമായിരുന്നു അത്. 1962ല്‍ ബഹിരാകാശ ഗവേഷണത്തിനായുള്ള ദേശീയ സമിതി (ഇന്‍കോസ്പാര്‍) രൂപീകരണം, 1970കളില്‍ ഇന്‍കോസ്പാറിന് പകരം ഐഎസ്ആര്‍ഒ എന്ന പേരിലുള്ള രൂപാന്തരം, ബഹിരാകാശ പേടകങ്ങളായ ആര്യഭട്ട, രോഹിണി, ഭാസ്കര തുടങ്ങിയവയുടെ വിക്ഷേപണം എന്നിങ്ങനെ ഘട്ടങ്ങള്‍ പിന്നിട്ടാണ് ഇന്ത്യന്‍ ബഹിരാകാശ ശാസ്ത്രജ്ഞര്‍ ചന്ദ്രയാന്‍ ദൗത്യത്തിലെത്തിയത്. ആദ്യ ചാന്ദ്രദൗത്യം ചന്ദ്രയാന്‍ ഒന്ന് 2008 ഒക്ടോബര്‍ 22നായിരുന്നു. ഈ ദൗത്യത്തിലൂടെ ത്രിവര്‍ണ പതാക പതിച്ച പേടകത്തെ ഇടിച്ചിറക്കിയ രാജ്യമായി ഇന്ത്യ മാറി. ചാന്ദ്രദൗത്യത്തില്‍ ഇന്ത്യക്ക് ആദ്യപട്ടികയില്‍ സ്ഥാനം ലഭിക്കുന്നതിന് ചന്ദ്രയാന്‍ ഒന്ന് കാരണമായി. അന്ന് നരേന്ദ്ര മോഡി ആയിരുന്നില്ല പ്രധാനമന്ത്രി. 2019ലായിരുന്നു ചന്ദ്രയാന്‍ രണ്ട്. പര്യവേക്ഷണ പേടകമായ വിക്രം ലാന്‍ഡറിനെ ഇടിച്ചിറക്കുക എന്നതിനു പകരം ദക്ഷിണ ധ്രുവത്തില്‍ പതുക്കെ ഇറക്കുക (സോഫ്‌റ്റ്‌ ലാൻഡിങ്‌) എന്നതായിരുന്നു ലക്ഷ്യം. ആദ്യവിക്ഷേപണം മാറ്റേണ്ടിവന്നുവെങ്കിലും രണ്ടാം വിക്ഷേപണവും തുടര്‍ന്നുള്ള ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ സെപ്റ്റംബര്‍ ആറിന് സോഫ്‌റ്റ്‌ ലാൻഡിങ് പരാജയമായി. അന്ന് നരേന്ദ്ര മോഡിയായിരുന്നു പ്രധാനമന്ത്രി. ആരും നരേന്ദ്ര മോഡിയെയോ ശാസ്ത്രജ്ഞരെയോ കുറ്റപ്പെടുത്തിയില്ല. മോഡി പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതുമില്ല. എന്നാല്‍ ഇപ്പോള്‍ വിജയത്തിന് പിന്നില്‍ നരേന്ദ്ര മോഡിയാണെന്ന് പഠിപ്പിക്കുവാന്‍ ശ്രമിക്കുകയാണ്. ഐഎസ്ആര്‍ഒയുടെ ചരിത്രമറിയാത്തവരാണ് ഇത്തരം സ്തുതിഗീതം പാടുന്നത്. ബഹിരാകാശചരിത്രത്തില്‍ ലക്ഷ്യംകണ്ട ദൗത്യങ്ങളെക്കാള്‍ പരാജയമായിരിക്കും കൂടുതല്‍. രണ്ടാം ചാന്ദ്രദൗത്യം പരാജയപ്പെട്ടപ്പോള്‍ ശാസ്ത്രജ്ഞര്‍ ഖിന്നരായി എന്നൊക്കെ പറയുന്നത് അവരെ താഴ്ത്തിക്കെട്ടുന്നതിന് തുല്യമാണ്. പരീക്ഷണങ്ങള്‍ പരാജയപ്പെട്ടിടത്തുനിന്ന് വീണ്ടുംവീണ്ടും ശ്രമിച്ചാണ് ശാസ്ത്രനേട്ടങ്ങളും വിജയങ്ങളും മാനവരാശി എല്ലായ്പോഴും കൈവരിച്ചത്. അതാതുകാലത്തെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങള്‍ അതിന് പിന്തുണയുമായി നില്‍ക്കുക പതിവാണ്. അതുകൊണ്ട് ശാസ്ത്രജ്ഞരെ മറന്ന് ഭരണാധികാരികളെ പ്രകീര്‍ത്തിക്കുന്നത് അല്പത്തമാണെന്നേ പറയാന്‍ കഴിയൂ.

Exit mobile version