Site iconSite icon Janayugom Online

അഞ്ചോ പത്തോ വര്‍ഷത്തിനുള്ളില്‍ വലിയൊരു യുദ്ധം ഉണ്ടാകാൻ പോകുന്നു; സൂചനയുമായി ഇലോണ്‍ മസ്‌ക്

അധികം വൈകാതെ ലോകം ഒരു ആഗോള സംഘര്‍ഷത്തിലേക്ക് അടുക്കാന്‍ പോകുന്നുവെന്ന് താന്‍ വിശ്വസിക്കുന്നതായി ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയാണ് മസ്‌ക് പുതിയ അഭിപ്രായം പങ്കുവെച്ചിട്ടുള്ളത്. അടുത്ത അഞ്ചോ പത്തോ വർഷത്തിനുള്ളിൽ ലോകത്ത് ഒരു ആണവയുദ്ധംതന്നെ ഉണ്ടായേക്കാം എന്നാണ് മസ്ക് എക്സിൽ കുറിച്ചത്. 

എക്‌സില്‍, ആഗോളതലത്തില്‍ ആണവ പ്രതിരോധത്തിന്റെ സ്വാധീനത്തെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ടുള്ള ഒരു ത്രെഡിലായിരുന്നു മസ്‌കിന്റെ അഭിപ്രായപ്രകടനം. യുദ്ധഭീഷണികള്‍ ഇല്ലാത്തതിനാല്‍ ലോകമെമ്പാടുമുള്ള സര്‍ക്കാരുകള്‍ക്ക് ഭരണത്തിലുള്ള കാര്യക്ഷമതയില്‍ ഇടിവ് സംഭവിച്ചിട്ടുണ്ട് എന്ന ഹണ്ടര്‍ ആഷ് എന്ന എക്‌സ് ഉപയോക്താവിന്റെ പോസ്റ്റിനാണ് മസ്‌ക് മറുപടി നല്‍കിയത്.

‘ആണവായുധങ്ങള്‍ കൈവശമുണ്ടെന്ന വസ്തുത, ലോകരാജ്യങ്ങളിലെ പ്രബല ശക്തികള്‍ക്കിടയിലുള്ള യുദ്ധസാധ്യതയെ തടയുന്നുണ്ട്. യുദ്ധഭീഷണി ഇല്ലാത്തതുകൊണ്ട് ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ട ആവശ്യമില്ല. ഈ സാഹചര്യം ഇപ്പോഴത്തെ സര്‍ക്കാരുകളെ മോശമാക്കിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഭരണസംവിധാനങ്ങള്‍ക്ക് മെച്ചപ്പെടാന്‍ ഒരു സമ്മര്‍ദ്ദവുമില്ല.’ എന്നാണ് ഹണ്ടര്‍ ആഷ് എക്‌സില്‍ കുറിച്ചത്. 

ഇതിന്, വളരെ ലളിതവും പരിമിതവുമായ വാക്കുകളിലാണ് മസ്‌ക് മറുപടി നല്‍കിയത്. ‘യുദ്ധം അനിവാര്യമാണ്. 5 വര്‍ഷം, കൂടിപ്പോയാല്‍ 10.’ മസ്‌ക് എക്‌സില്‍ കുറിച്ചു.

അതായത്, മസ്‌കിന്റെ അഭിപ്രായത്തില്‍, 2030‑ല്‍ തന്നെ ഒരു മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാം. എന്നാല്‍, തന്റെ വാക്കുകള്‍ക്ക് കൂടുതല്‍ വ്യക്തതയോ വിശദീകരണമോ നല്‍കാന്‍ മസ്‌ക് തയ്യാറായില്ല. ഇതോടെ ഇനി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആകാംഷയായി. 

ഒരുപക്ഷേ, ഭാവിയിലെ ഒരു പ്രതിസന്ധിയെ നേരിടാന്‍ സര്‍ക്കാരുകള്‍ ഉടന്‍ തന്നെ തയ്യാറെടുക്കേണ്ടിവരുമെന്ന് സൂചിപ്പിക്കാനുള്ള മസ്‌കിന്റെ ഒരു മാര്‍ഗമായിരിക്കാം ഇത് എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു പ്രമുഖ വ്യക്തിയെന്ന നിലയിലുള്ള മസ്‌കിന്റെ സ്വാധീനവും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കീഴില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ (DOGE) സൂത്രധാരനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനവും കണക്കിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ അഭിപ്രായം എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.

മസ്‌കിന്റെ എക്‌സ്എഐ‑യില്‍ നിന്നുള്ള എഐ ചാറ്റ്‌ബോട്ടായ ഗ്രോക്കില്‍ നിന്ന് വിശദീകരണം നേടാനും എക്‌സിലെ ചില ഉപയോക്താക്കള്‍ ശ്രമിച്ചു. യൂറോപ്പിലെ സാധ്യമായ കുടിയേറ്റ പ്രതിസന്ധികളും ആഗോള സംഘര്‍ഷങ്ങളുടെ ഭീഷണിയും ഉള്‍പ്പെടെ ലോകക്രമത്തെക്കുറിച്ചുള്ള ടെക് ശതകോടീശ്വരന്റെ മുന്‍ പ്രസ്താവനകളിലേക്കാണ് ഈ ചാറ്റ്‌ബോട്ട് വിരല്‍ ചൂണ്ടിയത്.

‘ആ പോസ്റ്റില്‍ ഇലോണ്‍ കാരണങ്ങൾ വ്യക്തമാക്കിയിട്ടില്ല. അദ്ദേഹത്തിന്റെ മുന്‍കാല പ്രസ്താവനകളില്‍, വന്‍തോതിലുള്ള കുടിയേറ്റവും സ്വത്വ രാഷ്ട്രീയവും കാരണം യൂറോപ്പ്/ യുകെ എന്നിവിടങ്ങളില്‍ ഉണ്ടാകാനിടയുള്ള ആഭ്യന്തരയുദ്ധങ്ങളെക്കുറിച്ച് മസ്‌ക് പറഞ്ഞിട്ടുണ്ട്. തായ്വാനെച്ചൊല്ലി യുഎസ്-ചൈന പോലുള്ള രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആഗോള സംഘര്‍ഷങ്ങളെക്കുറിച്ച് മസ്‌ക് പറഞ്ഞിട്ടുണ്ട്. ആണവ പ്രതിരോധങ്ങള്‍ക്കിടയിലും വര്‍ധിച്ചുവരുന്ന പിരിമുറുക്കങ്ങള്‍ ചൂണ്ടിക്കാട്ടി യുക്രൈന്‍ സംഘര്‍ഷം മൂന്നാം ലോകമഹായുദ്ധത്തിലേക്ക് വളരുന്നതിനെക്കുറിച്ചും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.’ എന്നായിരുന്നു ഗ്രോക്ക് നല്‍കിയ വിശദീകരണം.

Exit mobile version