ദേശീയ പാത ടോള്‍ പിരിവില്‍ വ്യാപക ക്രമക്കേട്, വ്യോമയാന മന്ത്രാലയത്തിന്റെ ഉഡാന്‍ പദ്ധതി വൈകല്‍, ഭാരത് മാല പദ്ധതിയിലെ അഴിമതി, റെയില്‍വേയിലെ നിയമവിരുദ്ധ വകമാറ്റല്‍ എന്നിങ്ങനെ മോഡി സര്‍ക്കാരിന്റെ കാലത്ത് നടക്കുന്നത് കൊള്ളയും അഴിമതിയും. നിരവധി ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും രൂക്ഷമായ ഭാഷയില്‍ കുറ്റപ്പെടുത്തിയും കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച പാര്‍ലമെന്റില്‍ സിഎജി സമര്‍പ്പിച്ച 12 റിപ്പോര്‍ട്ടുകളിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കൊള്ളയും അഴിമതിയും ചൂണ്ടിക്കാട്ടുന്നത്.
ദേശീയ പാത നിര്‍മ്മാണത്തിനായി ആരംഭിച്ച ഭാരത്‌മാല പദ്ധതിയില്‍ വ്യാപക ക്രമക്കേടും അഴിമതിയും നടന്നു. ടെന്‍ഡര്‍ നടപടി മുതല്‍ ക്രമക്കേടുണ്ട്. റെയില്‍വേ മന്ത്രാലയം നിയമവിരുദ്ധ ഇടപാട് വഴി കോടികളുടെ ദുര്‍വിനിയോഗം നടത്തി. 2021–22 സാമ്പത്തിക വര്‍ഷം അനുമതിയില്ലാത്ത 1937 പദ്ധതികള്‍ക്കായി 23,885.47 കോടി രൂപ വക മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദേശീയ പാതകളിലെ ടോള്‍ പിരിവില്‍ നിയമം ലംഘിച്ചുവെന്ന് കാട്ടി 132.05 കോടി രൂപ യാത്രക്കാരില്‍ നിന്ന് ഈടാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് ഭീമമായ തുക ദേശീയ പാത അതോറിട്ടി കൈക്കലാക്കിയത്. ഈ മാസം 10 -ാം തീയതി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നാലുവരി പാതയില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള വ്യവസ്ഥ പരിഷ്കരിക്കാതെ വാഹന ഉടമകളില്‍ നിന്നും അമിത തുക ഈടാക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതി നിര്‍മ്മാണം വൈകിയാല്‍ ടോള്‍ ഈടാക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും എന്‍എച്ച്എഐ ലംഘിച്ചു.
2020 മേയ് മാസം മുതല്‍ മാര്‍ച്ച് 2021 വരെയുള്ള കാലത്ത് 124.18 കോടി രൂപ അനധികൃതമായി പിരിച്ചെടുത്തു. ബിഒടി അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ നിര്‍മ്മിച്ച ദേശീയ പാതയുടെ വരുമാന പങ്കിടല്‍ പദ്ധതി വഴി അതോറിട്ടിക്ക് 133.36 കോടി രൂപയുടെ സാമ്പത്തിക നഷ്ടം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രദേശിക നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ വേണ്ടി വ്യേമയാന മന്ത്രാലയം ആരംഭിച്ച ഉഡാന്‍ പദ്ധതിയുടെ 52 ശതമാനവും പൂര്‍ത്തിയാക്കിയില്ല. 2016 ല്‍ കുറഞ്ഞ ചെലവില്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി തുടക്കത്തില്‍ തന്നെ പാളിയെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വന്‍കിട പദ്ധതികളില്‍ നടത്തിയ ക്രമക്കേടും അഴിമതിയും പുറത്തുവന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി. ഇത്തരം അഴിമതിയും ക്രമക്കേടിനും ഉത്തരവാദി പ്രധാനമന്ത്രിയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
English summary; In highway, toll and railway projects; Robbery and corruption
you may also like this video;