Site iconSite icon Janayugom Online

മോഡിയുടെ വിദേശ പര്യടനം; 5 വര്‍ഷം 254 കോടി

കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പര്യടനത്തിനായി ചെലവായത് 254.87 കോടി രൂപ. രാജ്യസഭയില്‍ ആം ആദ്മി പാര്‍ട്ടി എംപി സഞ്ജയ് സിങ്ങിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലഭ്യമാകുന്ന വിവരമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശ പര്യടനത്തിനായി 2,54,87,01,373 രൂപ ചെലവുവന്നതായി മന്ത്രി അറിയിച്ചു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി എന്നിവരുടെ വിദേശപര്യടനത്തിന്റെ ചെലവ് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. 2019 ഫെബ്രുവരി 21 മുതല്‍ 2022 നവംബര്‍ 16 വരെ മോഡിയുടെ വിദേശപര്യടനത്തിനായി 22 കോടി രൂപ ചെലവിട്ടു എന്നായിരുന്നു ലഭ്യമായ മറുപടി. 22,76,76,934 രൂപാണ് അക്കാലയളവില്‍ മോഡിയുടെ വിദേശപര്യടനത്തിന് ചെലവായത് എന്നാണ് കണക്കുകള്‍. രാഷ്ട്രപതിയുടെ വിദേശ യാത്രകള്‍ക്കായി 6,24,31,424 രൂപയും വിദേശകാര്യ മന്ത്രിയുടെ യാത്രക്കായി 20,87,01,475 രൂപയും ചെലവിട്ടതായും പറയുന്നു. അക്കാലയളവില്‍ മോഡി സന്ദര്‍ശിച്ച 21 രാജ്യങ്ങളുടെ പട്ടികയും എഴുതി നല്‍കിയ മറുപടിയില്‍ ഉള്‍പ്പെടുന്നു.

2021 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ 30 കോടി രൂപ മോഡിയുടെ വിദേശ പര്യടനത്തിനായി ചെലവഴിച്ചതായി വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയില്‍ പറയുന്നു. 30,80,47,075 രൂപ ചെലവിട്ടതായും 20 വിദേശ പര്യടനങ്ങള്‍ മോഡി നടത്തിയതായും പറയുന്നു. 2021 മാര്‍ച്ച് 26,27 തീയതികളിലെ ബംഗ്ലാദേശ് പര്യടനം മുതല്‍ കഴിഞ്ഞ മാസം 20 മുതല്‍ 25 വരെ നടത്തിയ യുഎസ്, ഈജിപ്റ്റ് സന്ദര്‍ശനം വരെയുള്ള കണക്കാണ് ഇത്.

2019 ഫെബ്രുവരി മുതല്‍ 2023 ജൂണ്‍ വരെ 50 കോടിയോളം രൂപ പ്രധാനമന്ത്രി തന്റെ വിദേശ യാത്രകള്‍ക്കായി 50 കോടി രൂപ ചെലവഴിച്ചു എന്നാണ് ഈ പ്രസ്താവനകള്‍ പറയുന്നത്. എന്നാല്‍ രാജ്യസഭയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്കില്‍ ഇത് 254 കോടിയായതായി ദി വയര്‍ വ്യക്തമാക്കുന്നു. കണക്കുകളിലെ വ്യത്യാസം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയത്തിന് കത്തെഴുതിയതായും ദി വയര്‍ പറയുന്നു. 2018 ജൂലൈ 19 ന് വിദേശകാര്യ സഹമന്ത്രിമന്ത്രിയായിരുന്ന വി കെ സിങ് നല്‍കിയ മറുപടിയില്‍ 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെ 1484 കോടി രൂപ ചെലവിട്ടതായി പറയുന്നു.

73 വിദേശയാത്രകള്‍

പിഎം ഇന്ത്യ വെബ്സൈറ്റിലെ കണക്കനുസരിച്ച് 2014ല്‍ ആദ്യം പ്രധാനമന്ത്രിയായത് മുതല്‍ 71 വിദേശ പര്യടനങ്ങള്‍ മോഡി നടത്തിയിട്ടുണ്ട്. 2014 ജൂണ്‍ മുതല്‍ കഴിഞ്ഞ മാസം നടത്തിയ യുഎസ്, ഈജിപ്റ്റ് സന്ദര്‍‍ശനം വരെയുള്ള കണക്കാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന് ശേഷം മോഡി ഫ്രാൻസും യുഎഇയും സന്ദര്‍ശിച്ചിരുന്നു.

അതേസമയം പ്രധാനമന്ത്രിയെ വിദേശ പര്യടനത്തില്‍ അനുഗമിക്കുന്നവരുടെ പട്ടിക ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ വിദേശകാര്യ മന്ത്രാലയം പതിവായി നിരസിക്കുകയാണ്. വിഷയത്തില്‍ കേന്ദ്ര വിവരാവകാശ കമ്മിഷന്റെ ഉത്തരവുണ്ടായിട്ടും നടപ്പായിട്ടില്ല. 2014–15 മുതലുള്ള മോഡിയുടെ വിദേശ പര്യടനങ്ങളില്‍ കൂടെ കൂട്ടുന്നവരുടെ പട്ടിക നല്‍കണമെന്ന് കമ്മിഷൻ നേരത്തെ ഉത്തരവിട്ടിരുന്നു.

Eng­lish Sum­ma­ry: In Last Five Years, Rs 254 Crore Spent on Prime Min­is­ter Modi’s For­eign Trips
You may also like this video

Exit mobile version