Site iconSite icon Janayugom Online

മധ്യപ്രദേശില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഇനി കുലഗുരു എന്നറിയപ്പെടും

മധ്യപ്രദേശില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഇനി കുലഗുരു എന്നറിയപ്പെടും. പേരുമാറ്റത്തിന് , മോഹന്‍ യാദവ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്തിന്റെ സാംസ്കാരവുമായും ഗുരുപരമ്പര പാരമ്പര്യവുമായും ബന്ധപ്പെടുത്തുന്നതാണ് പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോ​ഹൻ യാദവ് അഭിപ്രായപ്പെട്ടു.

ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മോഹൻ യാദവ് എക്സിലൂടെ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം ഐകകണ്‌ഠ്യേന അംഗീകരിച്ചത്. നേരത്തെ മധ്യപ്രദേശിൽ സർവ്വകലാശാല വൈസ് ചാൻസിലർമാർ കുലപതി എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വനിതകൾ ആ സ്ഥാനത്തെത്തുമ്പോൾ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അനൗചിത്യമാണെന്ന് അഭിപ്രായങ്ങളുയർന്നിരുന്നു.

അവരുടെ ഭർത്താക്കന്മാരെ കുലപതിയുടെ ഭർത്താവ് എന്ന് പറയുന്നത് വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം കൂടി പരി​ഗണിച്ചാണ് പേരുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവ്‍രാജ് സിങ് ചൗഹാൻ മന്ത്രിസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് ഈ പേരുമാറ്റത്തിനുള്ള നീക്കം മോഹൻ യാദവ് ആരംഭിച്ചത്.

ഗോവധം ഉന്നംവച്ച് പശുക്കളെ കടത്തുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി എക്സിൽ പറഞ്ഞു. പലപ്പോഴും ഇത്തരത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ കോടതി വിട്ടയക്കുന്ന സാഹചര്യമാണുള്ളത്. ഇത് ഇനി അനുവദിക്കില്ല. കുഴല്‍ക്കിണര്‍ നിര്‍മിച്ച ശേഷം മൂടാതെ ഇടുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം കുഴികളിൽ വീണ് കുട്ടികള്‍ക്ക് അപകടം സംഭവിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Eng­lish Summary:
In Mad­hya Pradesh, the Uni­ver­si­ty Vice-Chan­cel­lor will now be known as Kulaguru

You may also like this video:

Exit mobile version