Site iconSite icon Janayugom Online

മഹാരാഷ്ട്രയില്‍ വകുപ്പു വിഭജനം കീറാമുട്ടിയാകുന്നു ; ആഭ്യന്തരത്തിനായി പിടിമുറുക്കി ഏകനാഥ് ഷിന്‍ഡെ

മഹാരാഷ്ട്രയില്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ മഹായുതി സഖ്യസര്‍ക്കാര്‍ അധികാരമേറ്റെങ്കിലും വകുപ്പു വിഭജനം കീറാമുട്ടിയായി തുടരുന്നു. ആഭ്യന്തര വകുപ്പിനായി ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സമ്മര്‍ദ്ദം തുടരുന്നതാണ് വകുപ്പുവിഭജനം പൂർത്തിയാക്കുന്നതിന് തടസ്സമായിട്ടുള്ളത്. മറ്റൊരു ഉപമുഖ്യമന്ത്രി അജിത് പവാര്‍ ധനകാര്യ വകുപ്പിനായും സമ്മര്‍ദ്ദം ചെലുത്തി വരികയാണ്. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ റവന്യൂ, നഗരവികസന, പൊതുമരാമത്ത് വകുപ്പുകളും ഷിന്‍ഡെ ആവശ്യപ്പെട്ടിട്ടുണ്ട്.

57 നിയമസഭാ സീറ്റുകളുള്ള തന്റെ പാര്‍ട്ടിക്ക് 11 മുതല്‍ 13 വരെ മന്ത്രിസ്ഥാനങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നാണ് ഷിന്‍ഡെയുടെ നിലപാട്. ഷിന്‍ഡെയുടെ സ്ഥാനത്തേയും പ്രവര്‍ത്തനത്തേയും ബിജെപി മാനിക്കണമെന്ന് ശിവസേനനേതാക്കള്‍ അഭിപ്രായപ്പെട്ടഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളുമാണ് 288 അംഗ നിയമസഭയില്‍ 230 സീറ്റുകളുടെ വന്‍ വിജയം മഹായുതിക്ക് ലഭിക്കാന്‍ കാരണം. അജിത് പവാറിന് ധനകാര്യം ലഭിക്കുകയും ഷിന്‍ഡെയ്ക്ക് ആഭ്യന്തര മന്ത്രിസ്ഥാനം ലഭിക്കാതിരിക്കുകയും ചെയ്താല്‍ അത് മുന്നണിക്ക് വോട്ട് ചെയ്ത ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും. വലിയ പാര്‍ട്ടിയാണ് ബിജെപി, സഖ്യകക്ഷികളെ ഉള്‍ക്കൊള്ളാനുള്ള മനസ്സ് അവര്‍ കാണിക്കണം.

ശിവസേന നേതാവ് പറഞ്ഞു.തന്റെ ട്രാക്ക് റെക്കോര്‍ഡും പാര്‍ട്ടി എംഎല്‍എമാരുടെ എണ്ണവും പരിഗണിച്ച് ധനകാര്യവകുപ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അജിത് പവാര്‍. 10 മന്ത്രിസ്ഥാനങ്ങളാണ് എന്‍സിപി ചോദിച്ചിട്ടുള്ളത്. എട്ടെണ്ണം നല്‍കാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. വകുപ്പുകള്‍ ഏതൊക്കെ നല്‍കും എന്നതടക്കം നോക്കി തീരുമാനമെടുക്കുമെന്നും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാക്കള്‍ സൂചിപ്പിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡിസംബര്‍ അഞ്ചിനാണ് ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

Exit mobile version