Site iconSite icon Janayugom Online

മലപ്പുറം ഓടായിക്കലില്‍ കാട്ടാനക്കൂട്ടം കൃഷിയിടങ്ങളിൽ നാശം വിതച്ചു; മുന്നൂറോളം വാഴകൾ നശിപ്പിച്ചു

എടക്കോട് ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തി. കർഷകരായ അയനിക്കുത്ത് അമീറലി, ഷൗക്കത്തലി എന്നിവരുടെ കൃഷിയിടങ്ങളിലെ മുന്നൂറോളം കുലച്ച വാഴകളും നൂറോളം കവുങ്ങുകളുമാണ് ആനകൾ നശിപ്പിച്ചത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. നാല് ആനകളടങ്ങുന്ന സംഘമാണ് ജനവാസ മേഖലയോട് ചേർന്നുള്ള ഈ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.

സൗരോർജ്ജ വേലി സ്ഥാപിച്ചു സംരക്ഷിച്ചിരുന്ന കൃഷിയിടത്തിലാണ് ആനകൾ അതിക്രമിച്ചു കയറിയത്. ഒരു വശത്തെ കവുങ്ങ് മറിച്ചിട്ട് വേലി തകർത്താണ് ആനകൾ അകത്തുകയറിയത്. ഈ മേഖലയിൽ ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തിൽ വനംവകുപ്പിന്റെ തൂക്കുവേലി ഇല്ലാത്തത് വന്യമൃഗങ്ങൾ എളുപ്പത്തിൽ കൃഷിയിടങ്ങളിലേക്ക് എത്താൻ കാരണമാകുന്നു. നിലവിലുള്ള തൂക്കുവേലികളെ ബന്ധിപ്പിച്ച് ഈ ഭാഗത്ത് താത്കാലികമായി സിംഗിൾ ലൈൻ വേലി സ്ഥാപിച്ച് സംരക്ഷണമൊരുക്കാനുള്ള നടപടികൾ വനപാലകർ ആരംഭിച്ചിട്ടുണ്ട്.

സ്ഥിരമായ തൂക്കുവേലി സ്ഥാപിക്കുന്നതിനായി വനംവകുപ്പ് ഉടൻ പദ്ധതി തയ്യാറാക്കി സമർപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച കൃഷിയിടത്തിൽ തമ്പടിച്ച ആനകളെ വനപാലകർ പടക്കം പൊട്ടിച്ചും മറ്റും വനത്തിനുള്ളിലേക്ക് തിരിച്ചയച്ചു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യം ശക്തമാണ്.

Exit mobile version