Site icon Janayugom Online

ഓർമ്മകളിൽ സഖാവ് ഐ വി ശശാങ്കൻ

പ്രിയ സഖാവ് ഐ വി ഓർമ്മയായിട്ട് മൂന്ന് വർഷം പൂർത്തിയാവുന്നു. ഒക്ടോബർ 3 ന്റെ ചരമ ദിനത്തിൽ മാത്രമുള്ള ഒരു ഓർമ്മയല്ല ഐവി. എന്നും മനസിൽ നിറയുന്ന സ്നേഹ വികാരമാണ്. വിദ്യാർത്ഥി ‑യുവജന സംഘടനാ രംഗത്തുള്ളപ്പോഴും, പാർട്ടി കമ്മറ്റികളുടെ ഭാഗമായും ഐ വി യോടൊപ്പം ഒരു പാട് കോഴിക്കോടൻ ഓർമ്മകളുണ്ട്. സ്നേഹിച്ചും ശാസിച്ചും ഉപദേശിച്ചും തർക്കിച്ചും വിമർശിച്ചും ചേർത്തു നിർത്തിയും കടന്നുപോയ കുറേ വർഷങ്ങൾ.

അന്ന് 2019 ഒക്ടോബർ 3. പാർട്ടി ജില്ലാ സെക്രട്ടറി ടി വി ബാലേട്ടന്റെ ഒരു ഫോൺ വിളി ഏതാണ്ട് എല്ലാ ദിവസവും രാവിലെ പതിവുള്ളതാണ്.

ഹലോ എന്നു മാത്രമേ കേൾക്കുന്നുള്ളു.

എന്തേ എന്ന ചോദ്യത്തിന് മറുപടിയില്ല.

ആവർത്തിച്ചപ്പോൾ അങ്ങേത്തലയ്ക്കൽ ഒരു തേങ്ങൽ; പിന്നൊരു പൊട്ടിക്കരച്ചിൽ…

”ഐ വി പോയി.… ”

പിന്നെ കുറേ നേരത്തേക്ക് ഒന്നും ഓർമ്മയില്ല.

കെ പി ബിനൂപിനും അന്ന് ഓഫീസിലുണ്ടായിരുന്ന പി സുരേഷേട്ടനുമൊപ്പം

പി വി എസ് ആശുപത്രിയിൽ അതി വേഗം ഓടിയെത്തി.

അതിനിടയിൽ ആരെല്ലാമോ വിളിക്കുന്നു.

വിശ്വാസം വരാത്തപോലെ അവർ ആവർത്തിച്ചാവർത്തിച്ച് ചോദിക്കുന്നു: ഐ വി..?

എങ്ങനെയാണ് പെട്ടന്ന് വിശ്വസിക്കാനാവുക..

തലേ ദിവസം രാവിലെ പാർട്ടി ജില്ലാ എക്സിക്യൂട്ടിവിൽ പങ്കെടുത്ത അന്നു തന്നെ കോഴിക്കോട് നോർത്തിലെ മണ്ഡലം കമ്മിറ്റിയിലും തുടർന്ന് ടൗൺ ബ്രാഞ്ചിലും രാത്രി എരഞ്ഞിപ്പാലത്തെ ബ്രാഞ്ച് യോഗത്തിലും പങ്കെടുത്ത ശേഷമാണ് ഐ വി രാത്രി വീട്ടിലേക്ക് പോയത്.

രാവിലെ എട്ടുമണിക്ക് മുമ്പേ ഒരു പാർട്ടി കാര്യവുമായി ബന്ധപ്പെട്ട് വീട്ടിലെത്തണമെന്ന് എലത്തൂരിലെ പാർട്ടി നേതാക്കളായ പ്രജോഷിനോടും പ്രദീപനോടും ഫോണിൽ വിളിച്ചു പറയുകയും ചെയ്തിരുന്നു.

അത്ര വേഗമൊരു മരണ വാർത്ത ആയതിനാൽ തന്നെ വിശ്വസിക്കാനുമാവുമായിരുന്നില്ല.

ഓർമ്മകൾ കുറച്ചേറെ പുറകിലേക്ക് കൊണ്ടുപോവുകയാണ്.

ഐ വി ശശാങ്കൻ- വീട്ടിൽ വരുന്ന പാർട്ടിക്കാരിൽ നിന്നാണ് ആ പേര് ആദ്യം കേട്ടത്. പേരിലെവിടെയോ തോന്നിയ പ്രത്യേകതയാണ് മനസ്സിൽ ഒരു കുരുക്കിട്ടു വച്ചത്.

അച്ഛനോടൊരു ദിവസം പറഞ്ഞു,

എനിക്ക് ഒന്ന് കാണണം.

അങ്ങ് കോഴിക്കോട്ട് പോയിട്ടോ? ‑തെല്ലൊരു ശാസന കലർന്ന മറുപടിക്ക് ശേഷം മോഹം മനസ്സിൽ നിന്നെങ്ങോ പോയിരുന്നു.

സ്ഥിരമായി ചെവി വേദന കുട്ടിക്കാലത്ത് അലട്ടിയിരുന്നു. കോഴിക്കോട്ടേക്ക് റഫർ ചെയ്യപ്പെട്ടപ്പോൾ ചികിത്സ കുര്യൻ ഡോക്ടറുടെ അടുത്തായി. അങ്ങിനെ കോഴിക്കോട്ട് പോയ കനത്ത മഴയുള്ളൊരു പകലാണ് അച്ഛനെന്നെ ‘ഹിബ്ര ബിൽഡിംഗിലേക്ക്’ കൊണ്ടുപോയത്. റയിൽ വേസ്റ്റേഷന് തൊട്ടടുത്താണ്, ജനയുഗത്തിന്റെ അന്നത്തെ ഓഫിസ്. ‘വാഴയൊക്കെ ഉഷാറായിട്ടുണ്ട് ഗംഗാധരാ’ എന്നാണാദ്യം പറഞ്ഞത്. എന്റെ നാട്ടിൽ കോതോട്ടെ വീട്ടിൽ വന്നൊരുനാൾ, കമ്മറ്റി കഴിഞ്ഞ് പോകുമ്പോൾ അന്ന് കൂടെ വന്ന പ്രശസ്ത ഫോട്ടോ ഗ്രാഫർ പുനലൂർ ബാലനു വേണ്ടി കൊണ്ടുപോയ വാഴയുടെ കഥ അച്ഛനെനിക്ക് പിന്നീട് പറഞ്ഞുതന്നു. നഗരത്തിന് നടുവിൽ, കൃഷിക്കാരനല്ലെങ്കിലും കൃഷിയെക്കുറിച്ച് നല്ല അറിവുള്ള ശശാങ്കേട്ടനെ കുറിച്ച്. അറിവ്- അത് കൃഷിയെക്കുറിച്ച് മാത്രമല്ലല്ലോ. എന്തിനെക്കുറിച്ചും ഐവിക്ക് നല്ല അറിവാണ്. കൃഷ്ണപ്പിള്ള മന്ദിരത്തിൽ സ്ഥിര താമസമാക്കിയ എഐഎസ്എഫ് കാലത്ത് ഐ വി കിസാൻസഭ നേതാവാണ്. എന്നും ഓഫിസിലെ കണ്ടുമുട്ടൽ, ഒരു ചിരിയിലും ഒന്നുരണ്ട് വാചകങ്ങളിലും സൗഹൃദ സംഭാഷണം തീരുകയാണ് പതിവ്, പുറമെ പരുക്കനെന്ന് തോന്നുന്ന ഐ വി അത്രയൊക്കെയേ സംസാരിക്കൂ

പരിപാടികൾ നന്നാവുന്ന നേരത്തെല്ലാം അരികിൽ വിളിച്ച് അഭിനന്ദിക്കും. ചിലപ്പോഴെല്ലാം എല്ലാരും ചായ കുടിച്ചോന്ന് പറഞ്ഞ് പൈസ തരും, ചിലപ്പോഴൊക്കെ ദേഷ്യപ്പെടും. പോകുമ്പോൾ ഗൗരവത്തോടെ മുഖം കറുപ്പിച്ച് കടന്നുപോകും. എന്നാലും വീട്ടിലെത്തിയാലൊന്ന് വിളിക്കും. ദേഷ്യമെല്ലാം ഉരുകി തീർന്നുപോലെ. അന്നത്തെ ഓഫിസ് സെക്രട്ടറി മുരളിയേട്ടനായിരുന്നു ഞങ്ങൾക്കിടയിലെ പാലം. എസ് എഫുകാർക്കെന്തോ പറയാനുണ്ടെന്ന് പറഞ്ഞ് റൂമിലേക്ക് തള്ളിവിടും. പ്രശ്നം കേട്ടാൽ പരിഹാരം ഐ വിയിലുണ്ടാവും. നമുക്ക് സംശയമുണ്ടാവും, അങ്ങനെയൊക്കെ നടക്കുമോ എന്ന്. പക്ഷെ ഐ വിയുടെ നിലപാട് ശരിയായിരുന്നെന്ന് വേഗം മനസ്സിലാവും. അത് അനുഭവങ്ങളുടെ അഗാധതയിൽ നിന്നുണ്ടാവുന്ന നിശ്ചയദാർഢ്യങ്ങളാണ്. നിലപാടുകളുടെ കാര്യത്തിൽ എന്നും അങ്ങിനെയാണ്.

എഐവൈഎഫ് സംസ്ഥാന സമ്മേളനം കോഴിക്കോട് നിശ്ചയിച്ചപ്പോൾ ഐ വിയെ കാണാൻ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ രാജൻ വന്നു. ഐ വി അന്ന് പാർട്ടി ജില്ലാ സെക്രട്ടറിയാണ്. വീട്ടിലേക്ക് പോകുംവഴി കെ രാജന് സംശയം, എന്തായിരിക്കും പ്രതികരിക്കുക എന്ന്. പന്ന്യൻ പറഞ്ഞത് ഐ വിയെ കാണണം എന്നാണ്. പക്ഷെ മൂപ്പര് വല്ല ഉടക്കും പറഞ്ഞാലോ എന്ന ആധി. കെ. രാജന്റെ സന്ദേഹങ്ങൾക്കെല്ലാം ഒരു ചിരിയാലെ മറുപടി പറഞ്ഞു ഐ വി. രാജേട്ടൻ മനസ്സിൽ സൂക്ഷിച്ചതിനേക്കാൾ കൂടുതൽ ആശയങ്ങൾ ഇങ്ങോട്ട് പകർന്നുതന്നു. സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരിക്കാനുള്ള ഓപ്പൺ മീറ്റിംഗിനോട് ഐ വിക്ക് ആദ്യം എതിർപ്പായിരുന്നു. പക്ഷെ പരിപാടി കഴിഞ്ഞപ്പോൾ അടുത്ത് വിളിച്ചു പറഞ്ഞു: ”നന്നാവും എന്ന് തോന്നിയില്ല, പക്ഷെ നന്നായി, ഉഷാറായി”- നല്ലതിനെ മനസ്സ് തുറന്ന് പ്രോത്സാഹിപ്പിച്ച മനസിന്റെ നന്മ. സംഘടനയിൽ ഐ വി നിർബന്ധ ബുദ്ധിക്കാരനായിരുന്നു. സംഘടന പരിപാടി നടപ്പാക്കുന്നതിൽ ലവലേശം വിട്ടുവീഴ്ചയില്ല. കല്യാണവും മരണവും ഉത്സവവും വീട്ടുകാര്യങ്ങളുമെല്ലാം പരിപാടികൾക്ക് തടസ്സമായി പറയുന്നവരോട് ഐ വി ക്ഷോഭിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ‘മാറ്റിവെക്കാൻ എത്ര എളുപ്പം പക്ഷെ പിന്നത് നടപ്പാക്കാൻ പാടാണ്’ എന്ന് എപ്പോഴും പറയും. ലോക യുവജനോത്സവത്തിനായി ഇക്കഡോറിലും റഷ്യയിലും പോകുംമുമ്പേ ഐ വി ഓർമ്മിപ്പിച്ചത് കുറേ നല്ല പുസ്തകങ്ങളെക്കുറിച്ചാണ്. ക്യൂബക്കാരുടെ കയ്യിൽ കാണും, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പുതിയ ആർട്ടിക്കിൾ ഉണ്ട്, ഷാവേസിന്റെ പുതിയ പ്രസംഗം നോക്കണം എന്നിങ്ങനെ. തിരിച്ചുവന്നപ്പോൾ പലതും ഞാൻ ഒപ്പിച്ചെടുത്തിരുന്നു ഐ വിക്ക് നൽകാൻ. പെന്നും പെൻസിലും മിഠായിയും ആഗ്രഹിച്ചവരിൽ നിന്നാണ് പുസ്തകം ആഗ്രഹിച്ച ഐ വി വ്യത്യസ്തനാകുന്നത്.

അസുഖബാധിതനായി വീട്ടിൽ കിടപ്പിലായപ്പോൾ പലതവണ കാണാൻ പോയിരുന്നു. ഒരിക്കൽ പി പ്രസാദ് ചെന്നപ്പോൾ ഐ വി കുറേ പുസ്തകങ്ങൾ എടുത്ത് കൊടുത്തു. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ കുറച്ച് പരിസ്ഥിതി പ്രാധാന്യമുള്ള ലേഖനങ്ങൾ. എന്നിട്ട് പറഞ്ഞു: ”ഞാനിത് പ്രസാദിന് തന്നെ മാറ്റിവെച്ചതാണ്”. പ്രസാദല്ലേ പഠിക്കേണ്ടത്. എപ്പോൾ ചെന്നാലും ഒരു പുസ്തകം ഐ വി തരും. ”എനിക്കിനി എന്തിനാ, വായിക്കാൻ കഴിയുന്നില്ല ” എന്ന് ശബ്ദം കുറച്ച് ആത്മഗതം ചെയ്യുമ്പോൾ മിഴികളിൽ ഒരു നനവ് അറിയാതെ പടർന്നിട്ടുണ്ടാവും. വലിയ ലെൻസ്വെച്ച് പ്രയാസപ്പെട്ട് വായിക്കുന്ന ഐ വിയുടെ ചിത്രം മനസ്സിൽ നിന്ന് മായില്ല. ഇ. കെ വിജയേട്ടൻ അവസാനമായി കാണാൻ ചെന്നപ്പോഴും പറഞ്ഞത്രേ, പുസ്തകങ്ങളെല്ലാം വിജയൻ കൊണ്ടുപോയ്ക്കോ എന്ന്.  ആരോഗ്യത്തിന്, പ്രത്യേകിച്ച് കാഴ്ചയ്ക്ക് മങ്ങലേറ്റപ്പോഴും മുടങ്ങാതെ ഐ വി ഓഫിസിലെത്തും, ലിനീഷിന്റ കൈയ്യും പിടിച്ച്. വടകരയിലെ ടി കെ വിജയരാഘവനും നീനിയേട്ടനും പ്രൊഫ വിജയരാഘവനുമെല്ലാം കൂട്ടിന്. കിസാൻസഭയും കേരളീയൻ സമിതിയും കുറേ പുസ്തകവും കുറിപ്പുകളും വായനയും എഴുത്തും സെമിനാറും ഒന്നും വിട്ട് ഐ വിക്ക് മറ്റൊരു ലോകമുണ്ടായിരുന്നില്ല. പോസ്റ്ററുകളുടെ ഡിസൈനിൽ പോലും എന്നുമുണ്ടായിരുന്നു ഒരു ഐ വി ടെച്ച്. ഐ വിയുടെ പരിപാടിക്ക് ഐ വി തന്നെ ചെയ്യണം. എന്നാലെ തൃപ്തിയാവൂ. 68 വയസ്സിനിടയിൽ 12 വർഷം ജില്ലയിലെ പാർട്ടിയുടെ അമരക്കാരൻ, കിസാൻസഭയും സമാധാന സൗഹൃദവും കർഷകൂട്ടായ്മയും ജനയുഗവും. കേരളീയൻ സമിതിയും, സാമിനാഥൻ ഫൗണ്ടേഷനും. ആരോഗ്യം ഇടയ്ക്കൊന്ന് തളർത്തിയെങ്കിലും ഐ വി തന്റേതായ ലോകത്തായിരുന്നു, പ്രിയ സഖാക്കൾക്കൊപ്പം.

എൻഡോസൾഫാൻ വിരുദ്ധ സമരം കത്തിയാളുന്ന നാളിലൊന്നിൽ കിസാൻ സഭയും എ ഐ വൈ എഫും ചേർന്ന് ഒരു സമരം ഞങ്ങൾ പ്ലാൻ ചെയ്തു. പിന്നിടത് ജില്ലയിലെ എല്ലാ ബഹുജന സംഘടനകളെയും കൂട്ടിയോജിപ്പിച്ച പ്രക്ഷോഭമാക്കി. ഭംഗിയായി ജില്ലയിലാകെ അത് സംഘടിപ്പിക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളിൽ എന്നും സജീവമായി ഇടപെടാൻ സദാ നിർബന്ധിക്കുമായിരുന്നു ഐ. വി. അഞ്ചുമിനുറ്റ് മാത്രം നീണ്ട ഒരു കാർയാത്ര, ടി വിക്കൊപ്പം ജനയുഗത്തിൽ നിന്നും വീട് വരെ, അതാണ് അവസാനത്തെ കൂടിക്കാഴ്ച. ജർമനിയിൽ മകൾക്കൊപ്പം നിന്ന നീണ്ട ഒരു യാത്ര കഴിഞ്ഞു വന്നതിന് ശേഷമായിരുന്നു അത്. ആ വിശേഷങ്ങൾ വിശദമായി പിന്നീടാവട്ടെ എന്ന് പറഞ്ഞ് എന്നും കൂട്ടായി കൈയിൽ കരുതുന്ന ബാഗും പിടിച്ച് ഐ വി വീട്ടിലേക്ക് കയറി. ചേതനയറ്റ ഐ വി ക്കൊപ്പമാണ് വീണ്ടും ആ വീട്ടിലേക്ക് കയറിച്ചെന്നത്, ഉള്ളൊന്ന് പിടഞ്ഞു. മനസ് വിതുമ്പി. ഒരുപാട് തവണ ആശചേച്ചി തന്ന ചായയും കുടിച്ച് കുറേ വർത്തമാനം പറഞ്ഞിരുന്ന വീട്ടിലെ ഹാളിൽ ഐ വി. നിശ്ചലനായി കിടക്കുന്നു. ഇനി ഒരിക്കലും ഉണരില്ല. പക്ഷെ നിങ്ങൾ പകർന്ന ചൂടിനാൽ, നിങ്ങൾ പകർന്ന അറിവിനാൽ, ഞങ്ങൾ എന്നും ഉണർന്നിരിക്കും, തീർച്ച. ഐ. വി യുടെ ഓർമ്മകൾ സജീവമായി നിലനിർത്താൻ കോഴിക്കോട്ടെ പാർട്ടി വിപുലമായ അനുസ്മരണ സമിതി രൂപീകരിച്ചിട്ടുണ്ട്. പാലിയേറ്റീവ് രംഗത്തെ പ്രവർത്തനങ്ങൾ സജീവമാക്കി പുതിയ ഇടപെടുകൾ നടത്തും. സത്യൻ മൊകേരി ചെയർമാനും ടി. വി. ബാലൻ കൺവീനറുമായി രൂപീകരിച്ച സമിതി തുടർ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകും.

Exit mobile version