Site iconSite icon Janayugom Online

നെല്ലിയാമ്പതിയിൽ പുലി ചത്തത് കെണിയിൽ കുരുങ്ങി; പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

നെല്ലിയാമ്പതിയിലെ തേയിലത്തോട്ടത്തിൽ അഴുകിയ നിലയില്‍ കണ്ടെത്തിയ പുലിയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. കെണിയിൽപെട്ട് മുറിവു പറ്റിയതിനെ തുടർന്നാണ് പുലി ചത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെണിയിൽപെട്ട പുലിയുടെ ആന്തരികാവയവങ്ങൾ കുരുക്ക് മുറുകി തകരാറിലായി. വനംവകുപ്പ് ഡോക്ടർ ഡേവിഡ് അബ്രഹാം, പോത്തുണ്ടി വെറ്ററിനറി സർജൻ ഗീതാഞ്ജലി, എൻ ടി സി എ പ്രതിനിധി എൻ ശശിധരൻ, എൻ ജി ഒ പ്രതിനിധി അഡ്വ. ലിജു പനങ്ങാട്, ഗവ. വിക്ടോറിയ കോളജ് ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രഫ. അബ്ദുൽ റഷീദ്, നെന്മാറ ഡി എഫ് ഒ ബി പ്രവീൺ, നെല്ലിയാമ്പതി വനം റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി ഷരീഫ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ജയേന്ദ്രൻ, ബിഎഫ്ഒമാരായ കെ പ്രമോദ്, അഭിലാഷ് തുടങ്ങിയവർ അന്വേഷണത്തിനും തുടർനടപടികൾക്കും നേതൃത്വം നൽകി. 

തോട്ടത്തിൽ മരുന്ന് തളിക്കാൻ പോയ തൊഴിലാളികളാണ് ഭാഗികമായി അഴുകിയ നിലയിലുള്ള പുലിയുടെ ജഡം കണ്ടത്. പന്നിയെ പിടിക്കാൻ ഈ പ്രദേശങ്ങളിൽ കെണി വെക്കുന്നത് പതിവാണ്. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പോസ്റ്റ്മോർട്ട ശേഷം വ്യാഴാഴ്ച വൈകീട്ട് പുലിയെ വനത്തിൽ സംസ്കരിച്ചു.

Exit mobile version