Site iconSite icon Janayugom Online

നിലമ്പൂരിൽ യുഡിഎഫ് പറയേണ്ടത് ജീവിതത്തെയും ഭാവിയെയും പറ്റി, പെട്ടിയെപ്പറ്റിയല്ല; ബിനോയ് വിശ്വം

നിലമ്പൂരിൽ യുഡിഎഫ് ജീവിതത്തെയും ഭാവിയെയും പറ്റിയാണ് പറയേണ്ടതെന്നും പെട്ടിയെപ്പറ്റിയല്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടമുള്ളപ്പോൾ ഇലക്ഷൻ കമ്മിഷൻ പരിശോധനകൾ നടത്തുന്നത് സ്വഭാവികമാണെന്നും യഥാർത്ഥ വിഷയത്തിൽ നിന്ന് യുഡിഎഫ് വ്യതിചലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരിൽ എൽഡിഎഫ് ജയിക്കും, വിജയം ഉറപ്പാക്കാൻ ഒരേ സ്വരത്തിൽ പ്രവർത്തിച്ച് വരികയാണ്. അവിടെ യുഡിഎഫ് പല വിരുദ്ധ പ്രചാരണങ്ങളും നടത്തുന്നുണ്ട്. പ്രചരിക്കുന്ന ഒരു വാർത്തയും സത്യസന്ധമായല്ല. ജനങ്ങളെയും കൃഷിക്കാരെയും പാവപ്പെട്ടവരെയുമെല്ലാം ഒന്നായാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാണുന്നത്. ഇടതുപക്ഷ രാഷ്ട്രീയത്തിന് കൃത്യമായ യുക്തിയും ശരിയുമുണ്ട്. ദുരന്തകാലത്ത് പോലും വർഗീയമായും രാഷ്ട്രീയമായും കേന്ദ്രം ഞെരുക്കിയപ്പോഴും എൽഡിഎഫ് സരക്കാർ മുന്നോട്ട് പോയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊന്ന പാരമ്പര്യമാണ് ബിജെപിക്ക്. അതേസമയം ആർഎസ്എസിന്റെ ഇസ്ലാം പതിപ്പാണ് ജമാ അത്തെ ഇസ്ലാമി. രണ്ടു പേരുമായും യോജിപ്പിലെത്താനാണ് യുഡിഎഫ് ശ്രമിക്കുന്നത്. കോൺഗ്രസിനകത്ത് യഥാർത്ഥ രാഷ്ട്രീയം പറഞ്ഞുകൊടുക്കാൻ ആരുമില്ലെങ്കിൽ അത് കോൺഗ്രസിന്റെ അന്ത്യത്തിന്റെ ആരംഭമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം മണ്ഡലം പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Exit mobile version