Site iconSite icon Janayugom Online

പാകിസ്ഥാനിൽ സൈന്യം സർക്കാരിനും മുകളിലായി: അസിം മുനീർ ആദ്യ സർവ സൈന്യാധിപൻ

പാകിസ്ഥാൻ ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി അസിം മുനീറിന് ഔദ്യോഗിക നിയമനം. പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കിയത്. ഇതോടെ, കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും. നവംബർ 12 ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് നീക്കം. ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോർട്ട് ശക്തമാകുകയാണ്. 

സർവ സൈന്യങ്ങളെയും ഏകീകരിക്കുക, നിർണായക സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ കർത്തവ്യം. ഒപ്പം പാക് ആണവായുധങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രാറ്റജി കമാന്‍ഡിന്റെ നിയന്ത്രണവും അസിം മുനീറിന്റെ കൈകളിലായി. പുതിയ ഭരണഘടന പരിഷ്‌കാരത്തിലൂടെ മൂന്ന് സൈനിക വിഭാഗങ്ങള്‍ക്കുമായി ഒരു ഏകീകൃത കമാന്‍ഡ് ഘടന സ്ഥാപിക്കപ്പെടും, ഇതോടെ ഭരണഘടനയിലൂടെ മുനീറിന് സൈന്യത്തിന്റെ പൂര്‍ണ നിയന്ത്രണം ലഭിക്കും. 

സി ഡി എഫ് പദവി സംബന്ധിച്ച വിജ്ഞാപനം നവംബർ 29 ന് ഇറങ്ങേണ്ടിയിരുന്നെങ്കിലും അന്ന് അത് സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയതായി എ എൻ ഐ അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Exit mobile version