മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ വഞ്ചിച്ച കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനവ്യാപക പ്രതിഷേധം. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേന്ദ്രം നടത്തിയ നിഷേധപ്രഖ്യാപനം കൊടുംവഞ്ചനയും രാഷ്ട്രീയ നെറികേടുമാണെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കള്‍ പ്രതികരിച്ചു. കല്പറ്റയില്‍ എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്ന് നടത്തിയ നൈറ്റ് മാര്‍ച്ചില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്ക്കെതിരെ വയനാട്ടില്‍ 19ന് എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെ കടകള്‍ ഉള്‍പ്പെടെ അടച്ച് പ്രതിഷേധിക്കും. യുഡിഎഫും അന്നേദിവസം ഹര്‍ത്താലിന് ആഹ്വാനം നല്‍കി.
ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരോടും കേരള ജനതയോടും ബിജെപി സര്‍ക്കാര്‍ കാണിക്കുന്ന കൊടിയ വഞ്ചനയ്ക്കെതിരെ 21ന് പ്രതിഷേധദിനമായി ആചരിക്കാൻ സിപിഐ ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകൾക്ക് മുന്നിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അറിയിച്ചു. ചൂരൽമല –മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദേശീയദുരന്തമായി കാണാതെ കേന്ദ്രം ഒഴിവാക്കിയതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചു. ആലപ്പുഴ കഞ്ഞിക്കുഴിയില്‍ സിപിഐ(എം) പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ, പുറന്തള്ളപ്പെടേണ്ടവരാണോ എന്ന് മുഖ്യമന്ത്രി ചോദിച്ചു. രാജ്യം കണ്ട ദുരന്തങ്ങളിൽ വലിയ ഒന്നാണിത്. മറ്റ് സംസ്ഥാനങ്ങളിലുണ്ടായ ദുരന്തങ്ങൾക്ക് കേന്ദ്രം തുക അനുവദിച്ചു. കേരളം ഇന്ത്യയ്ക്ക് പുറത്തുള്ളതല്ല. ഇവിടെ ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ കൊടുത്തു. ഒടുവിൽ ഹൈക്കോടതിക്ക് മാധ്യമങ്ങളെ നിശിതമായ വിമർശിക്കേണ്ടി വന്നു. 2018ലെ മഹാപ്രളയത്തിൽ പലരും കേരളത്തെ സഹായിച്ചു. എന്നാൽ അർഹതപ്പെട്ട കേന്ദ്രസഹായം ലഭിച്ചില്ല. സഹായം തരാമെന്ന് പറഞ്ഞവരെ മുടക്കി. ഈ ഘട്ടത്തിലും കേന്ദ്രം സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന് പറയാൻ കോൺഗ്രസ് തയ്യാറായില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയും കേന്ദ്രസംഘങ്ങളും വയനാട്ടില്‍ എത്തി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും അതിജീവിതരെ നേരില്‍ക്കണ്ട് വിവരങ്ങള്‍ അറിയുകയും ചെയ്തിട്ടും ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു വിധ സഹായങ്ങളും ലഭ്യമാക്കിയില്ല. ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാര്‍ഗരേഖകള്‍ അനുവദിക്കുന്നില്ലെന്നും ദുരന്തനിവാരണം സംസ്ഥാനത്തിന്റെ ഉത്തരവാദിത്തമാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
സഹായം ആവശ്യപ്പെട്ട് കേന്ദ്ര നിര്‍ദേശപ്രകാരം വിശദമായ റിപ്പോര്‍ട്ട് നല്‍കുകയും മുഖ്യമന്ത്രി നേരിട്ട് കത്തുനല്‍കുകയും ചെയ്തിട്ടും പുനരധിവാസത്തിന് കേന്ദ്രം നയാപ്പൈസ സഹായം ലഭ്യമാക്കില്ലെന്ന നിലപാടില്‍ അതിശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം യുവജന സംഘടനകള്‍ വ്യാപകമായി നൈറ്റ് മാര്‍ച്ച് നടത്തിയിരുന്നു.