Site iconSite icon Janayugom Online

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യത്തിനെതിരെ ആദ്യ കേസിലെ അതിജീവിത സുപ്രീംകോടതിയിൽ

യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയെ സമീപിച്ചു. രാഹുലിന് ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് അതിജീവിത ഹർജി നൽകിയത്. രാഹുൽ ഒരു ‘സൈക്കോപാത്ത്’ ആണെന്നും ഇയാൾ പുറത്തിറങ്ങുന്നത് തന്റെ ജീവന് ഭീഷണിയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സമ്മതമില്ലാതെ പലതവണ പീഡിപ്പിച്ചെന്നും ഗർഭിണിയായിരുന്നപ്പോൾ പോലും ക്രൂരത തുടർന്നെന്നും അതിജീവിത ആരോപിക്കുന്നു. ഗർഭച്ഛിദ്രത്തിന് താൻ സന്നദ്ധയായിരുന്നില്ലെന്നും ഭീഷണിപ്പെടുത്തിയാണ് സമ്മതിപ്പിച്ചതെന്നും ഹർജിയിലുണ്ട്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ പത്തോളം പേരെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്ക് സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി ബന്ധമുണ്ടെന്നും അതിജീവിത ആരോപിക്കുന്നു.

നേരത്തെ, കേസ് ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണെന്നും ഗർഭച്ഛിദ്രത്തിനുള്ള മരുന്ന് പരാതിക്കാരി സ്വമേധയാ കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തോടെയാണ് ഹൈക്കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ ഹൈക്കോടതി ‘മിനി ട്രയൽ’ നടത്തിയത് നിയമവിരുദ്ധമാണെന്നും അന്വേഷണം നടക്കുന്ന ഘട്ടത്തിൽ തനിക്കെതിരെയുള്ള പരാമർശങ്ങൾ അനുചിതമാണെന്നും അതിജീവിത സുപ്രീംകോടതിയിൽ വാദിക്കുന്നു.

Exit mobile version