Site iconSite icon Janayugom Online

ചരിത്ര പ്രദശനത്തിൽ കാണാം ഇരമ്പുന്ന ചുടുചോരയുടെ ചങ്കൂറ്റ കഥകൾ

സമര ചരിത്രങ്ങളുടെ കഥപറയുന്ന പ്രദർശനത്തിൽ ഇരമ്പുന്നു ചുടു ചോരയുടെ ചങ്കൂറ്റ കഥകൾ. സിപിഐ പാർട്ടി കോൺഗ്രസ് നടക്കുന്ന കാനം രാജേന്ദ്രൻ ഹാളിൽ ഒരുക്കിയ പ്രദർശനത്തിൽ ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച നിരവധി സമരങ്ങളുടെ സ്‌മരണകളും അലയടിച്ചെത്തുന്നുണ്ട്. ഒന്നാം സ്വാതന്ത്ര്യ സമര കാലഘട്ടം മുതലുള്ള വിവിധ സംഭവങ്ങളും നേതാക്കളെയും പരാമർശിക്കുന്ന ആയിരത്തോളം ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിട്ടുള്ളത്.

ദേശീയ പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വിവിധ കാലയളവിലുള്ള നേതാക്കന്മാർ, നേതാക്കൾ, സംഭവങ്ങൾ, ചരിത്ര ഘട്ടങ്ങൾ എന്നിവ വിജ്ഞാനപ്രദം കൂടിയാണ്. കോഴിക്കോട് സ്വദേശിയും സിപിഐ നേതാവുമായ ഇ സി സതീശൻ ആണ് പ്രദർശനം സജ്ജീകരിച്ചിരിക്കുന്നത്. 2008ൽ ഹൈദരാബാദിൽ ചേർന്നത് മുതലുള്ള എല്ലാ പാർട്ടി കോൺഗ്രസിലും ചരിത്രപ്രദർശനം ഒരുക്കിയതിനു പിന്നിൽ സതീശൻ ആയിരുന്നു. വിവിധ വർഗ്ഗ ബഹുജന സംഘടനകളുടെ സമ്മേളന വേളകളിലും അപൂർവമായ ഫോട്ടോകളും പോസ്റ്ററുകൾ നോട്ടീസുകൾ എന്നിവ ഉൾപ്പെടുന്ന പ്രദർശനം സജ്ജീകരിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശികളായ എബിൻ, നിതീഷ് എന്നിവർ സഹായികളായി ഉണ്ട്. 

Exit mobile version