ചൊവ്വന്നൂരില്‍ വാടക ക്വാർട്ടേഴ്സിൽ യുവാവിനെ കൊന്ന് കത്തിച്ച നിലയിൽ കണ്ടെത്തി. പ്രതി മരത്തംകോട് ചൊവ്വന്നൂർ സണ്ണി(61)പിടിയില്‍. പ്രതിയെ തൃശൂരിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ലൈംഗിക ബന്ധത്തിനിടെയുണ്ടായ കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. 35 വയസ്സ് തോന്നിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
ചൊവ്വന്നൂർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്വാർട്ടേഴ്സിലാണ് വൈകിട്ട് അഞ്ചരയോടെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് പുക വരുന്നത് കണ്ടെത്തിയ നാട്ടുകാരാണ് മുറിയില്‍ മൃതദേഹം കണ്ടത്. മുറി പുറത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുറി വാടകയ്ക്കെടുത്ത സണ്ണി ഈ സമയം ഇവിടെ ഉണ്ടായിരുന്നില്ല. രാത്രി ഏഴരയോടെ തൃശൂർ ശക്തൻ സ്റ്റാൻഡിൽ നിന്നാണ് സണ്ണിയെ പൊലീസ് പിടികൂടിയത്. തൃശൂരിലെ വസ്ത്ര വിൽപനശാലയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് സണ്ണി. മറ്റ് രണ്ട് കൊലപാതകക്കേസുകളിലും പ്രതിയാണ്.

