പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കം രൂക്ഷമായതോടെ പശ്ചിമബംഗാളില്‍ ബിജെപിയുടെ കീഴിലുള്ള സമിതികളും വിഭാഗങ്ങളും പിരിച്ചുവിട്ടു. സംസ്ഥാന പ്രസിഡന്റ് സുകന്ത മജുംദാര്‍ എംപിയുടെ നിര്‍ദേശപ്രകാരം, എല്ലാ വിഭാഗങ്ങളും സെല്ലുകളും പിരിച്ചുവിടുന്നുവെന്നാണ് പാര്‍ട്ടി വ്യാഴാഴ്ച പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്. രൂപീകരിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് ഇവയെല്ലാം പിരിച്ചുവിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം അവസാനമാണ് കേന്ദ്രമന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. മതുവ സമുദായത്തെ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പുതുതായി രൂപീകരിച്ച സമിതികളിലും വിഭാഗങ്ങളിലും തങ്ങളുടെ സമുദായത്തിന്റെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി, കേന്ദ്രമന്ത്രി ശന്തനു താക്കൂറും പത്ത് എംഎല്‍എമാരും പാര്‍ട്ടിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് സ്വയം പുറത്തുപോകുകയായിരുന്നു. പ്രമുഖ ബിജെപി നേതാക്കളായ സായന്തന്‍ ബസു, ജയപ്രകാശ് മജുംദാര്‍ എന്നിവരെയും പുതിയ സമിതികളിലൊന്നും ഉള്‍പ്പെടുത്തിയിരുന്നില്ല.
അതൃപ്തരായ നേതാക്കള്‍ വിഷയത്തില്‍ രണ്ട് ദിവസം മുമ്പ് കൂടിയാലോചന നടത്തിയിരുന്നു. നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രമുഖ നേതാക്കളെല്ലാം ജനുവരി 15ന് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റ് ഗസ്റ്റ് ഹൗസില്‍ യോഗം ചേരാന്‍ തീരുമാനിച്ചിരുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് പുറത്തുപോകുന്നതുള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊള്ളുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്നാണ്, സമിതികളും സെല്ലുകളും പിരിച്ചുവിട്ടുകൊണ്ടുള്ള ബിജെപി നേതൃത്വത്തിന്റെ തീരുമാനം വന്നിരിക്കുന്നത്.
English summary: In West Bengal, BJP committees were dissolved
you may also like this video