പ്രത്യയശാസ്ത്ര പഠനഗവേഷണകേന്ദ്രമായ സി കെ ചന്ദ്രപ്പന്‍ സ്മാരകമന്ദിരം ഉദ്ഘാടന ചടങ്ങ് അക്ഷരാര്‍ത്ഥത്തില്‍ ജനകീയോത്സവമായി മാറി.
താഴത്തുകുളക്കട ഗ്രാമത്തില്‍ നിര്‍മ്മിച്ച സ്മാരകമന്ദിരവും പരിസരവും ഇന്നലെ പകല്‍ മൂന്നുമണി മുതല്‍ ജനസഹസ്രങ്ങളെ കൊണ്ട് നിറഞ്ഞുകവിഞ്ഞു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആളുകള്‍ ഒഴുകിയെത്തി. സമീപ ജില്ലകളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും ചന്ദ്രപ്പന്റെ സ്മരണ തുടിച്ചുനില്‍ക്കുന്ന മന്ദിരം കാണാന്‍ എത്തി. ഹര്‍ത്താലായിട്ടും ജനബാഹുല്യത്തിന് കുറവുണ്ടായില്ല.
സ്മാരകമന്ദിരത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ കെ ആര്‍ ചന്ദ്രമോഹനന്‍ പതാക ഉയര്‍ത്തി. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാട മുറിച്ച് കെട്ടിടം ഉദ്ഘാടനം ചെയ്തു. ചന്ദ്രപ്പന്റെ ഫോട്ടോ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം അനാച്ഛാദനം ചെയ്തു. ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ ലൈബ്രറി ഉദ്ഘാടനം നിര്‍വഹിച്ചു. ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും നടന്നു.
തുടര്‍ന്ന് താഴത്ത് കുളക്കട മൈതാനിയില്‍ ജില്ലാസെക്രട്ടറി പി എസ് സുപാലിന്റെ അധ്യക്ഷതയില്‍ പൊതുസമ്മേളനം ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ ഗവര്‍ണര്‍ വെല്ലുവിളിക്കുന്നതായി സമ്മേളനം ഉദ്ഘാടനം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ പറയുന്നത് കേട്ട് ഭരിക്കാനല്ല തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍. ഉപദേശിക്കാന്‍ മാത്രമേ ഗവര്‍ണര്‍ക്ക് അധികാരമുള്ളു. ഗവര്‍ണര്‍ സ്ഥാനം തന്നെ ആവശ്യമില്ലെന്ന് ഉറക്കെപ്പറഞ്ഞ പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി.
കേരളത്തില്‍ ഇക്കാലമത്രയും അത് തെളിയിക്കാനുള്ള അവസരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗവര്‍ണര്‍ ഇപ്പോഴെടുക്കുന്ന നിലപാടില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടാണ് ശരിയെന്ന് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുവരികയാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ ഏജന്റായി എല്‍ഡിഎഫ് ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാരെ കുറിച്ചുപോലും ഗവര്‍ണര്‍ മോശമായ അഭിപ്രായം പറയുകയാണെന്നും കാനം രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
സംഘാടകസമിതി കണ്‍വീനര്‍ ആര്‍ രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ആര്‍ രമേശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബിനോയ് വിശ്വം, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യന്‍ മൊകേരി, എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍, മന്ത്രിമാരായ കെ രാജന്‍, ജെ ചിഞ്ചുറാണി, പി പ്രസാദ്, ജി ആര്‍ അനില്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. എന്‍ അനിരുദ്ധന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. എ എസ് ഷാജി നന്ദി പറഞ്ഞു. ആലപ്പുഴ ഇപ്റ്റ നാട്ടരങ്ങ് അവതരിപ്പിച്ച കലാപരിപാടികളും കെപിഎസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകവും അരങ്ങേറി.
English Summary: Inauguration of CK Chandrapan Memorial
You may like this video also