Site iconSite icon Janayugom Online

പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം; വിവാദത്തില്‍ മുങ്ങി; നിറം മങ്ങി

വിവാദത്തില്‍ മുങ്ങി, നിറം മങ്ങി പുതിയ പാര്‍ലമെന്റ് ഉദ്ഘാടനം. ബഹുഭൂരിപക്ഷം പ്രതിപക്ഷപാര്‍ട്ടികളും ബഹിഷ്കരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയല്ല ഉദ്ഘാടനം ചെയ്യേണ്ടതെന്നും രാഷ്ട്രപതിയാണെന്നും പ്രതിപക്ഷപാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു.
സിപിഐ, കോണ്‍ഗ്രസ്, സിപിഐ(എം) ഉള്‍പ്പെടെ പ്രതിപക്ഷത്തെ 19 പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്‍സിപി, ജെഡിയു, എഎപി, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം), ഡിഎംകെ, എസ്‌പി, ആര്‍ജെഡി, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് എം, ആര്‍എസ്‌പി, ജെഎംഎം, നാഷണല്‍ കോണ്‍ഫറന്‍സ്, വിസികെ, എംഡിഎംകെ, ആര്‍എല്‍ഡി എന്നീ പാര്‍ട്ടികള്‍ ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കും.

എന്‍ഡിഎ സഖ്യത്തിലുള്ളവരുള്‍പ്പെടെ 15 പാര്‍ട്ടികളാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത. ആന്ധ്രയിലെ ഭരണകക്ഷിയായ ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി, ചന്ദ്രബാബു നായിഡു നയിക്കുന്ന തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി), ഒഡിഷയിലെ ഭരണകക്ഷിയായ നവീന്‍ പട്‌നായിക്കിന്റെ ബിജെഡി, പഞ്ചാബിലെ പ്രതിപക്ഷമായ ശിരോമണി അകാലിദള്‍ എന്നിവരാണ് ഉദ്ഘാടന ചടങ്ങിന് എത്തുന്ന ഇതര പാര്‍ട്ടികള്‍. ഇവര്‍ ബിജെപിയെ പാര്‍ലമെന്റില്‍ പിന്തുണച്ചുവരുന്ന പാര്‍ട്ടികളുമാണ്.

ശിവസേന (ഷിന്‍ഡെ വിഭാഗം), എന്‍പിപി, എന്‍ഡിപിപി, സിക്കിം ക്രാന്തികാരി മോര്‍ച്ച, ആര്‍എല്‍ജെപി, അപ്‌ന ദള്‍ (സോണി ലാല്‍ വിഭാഗം), ആര്‍പിഐ, തമിഴ് മാനില കോണ്‍ഗ്രസ്, എഐഎഡിഎംകെ, എജെഎസ്‌യു, എംഎന്‍എഫ് എന്നീ പാര്‍ട്ടികളും ബിജെപിക്കൊപ്പം പുതിയ പാര്‍ലമെന്റ് ഉദ്ഘാടനത്തില്‍ പങ്കെടുക്കും. ഇതില്‍ മിക്കതും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുപാര്‍ട്ടികളാണ്. പാര്‍ലമെന്റ് നിര്‍മ്മാണം തുടക്കം മുതല്‍ വിവാദങ്ങളില്‍ അകപ്പെട്ടിരുന്നു. കോവിഡ്കാല സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ പാര്‍ലമെന്റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിര്‍ത്തുന്നതിലും പ്രതിഷേധിച്ച്‌ ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു. വി ഡി സവര്‍ക്കറുടെ ജന്മദിനം പാര്‍ലമെന്റ് ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയും ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.

Eng­lish Summary;Inauguration of New Par­lia­ment; Drowned in controversy
You may also like this video

Exit mobile version