Site iconSite icon Janayugom Online

അരലക്ഷം മുൻഗണനാ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം ഇന്ന്

സംസ്ഥാനത്ത് അരലക്ഷത്തിലധികം കുടുംബങ്ങള്‍ക്കുള്ള മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണത്തിന്റെ ഉദ്ഘാടനം ഇന്ന്. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ പട്ടിക പ്രകാരം 50,461 കുടുംബങ്ങൾക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കുന്നത്.
വൈകിട്ട് 3.30ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. ഭക്ഷ്യ‑പൊതുവിതരണ മന്ത്രി ജി ആർ അനിൽ അധ്യക്ഷനാകും. ഗതാഗത മന്ത്രി ആന്റണി രാജു റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ വെബ് പോ‍ർട്ടൽ സ്വിച്ച് ഓണ്‍ നിർവഹിക്കും. 

മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് ഓണ്‍ലൈൻ മുഖേന ലഭിച്ച അപേക്ഷകരിൽ ഏറ്റവും അർഹരായവരെ ഉൾപ്പെടുത്തിയാണ് റേഷൻ കാർഡ് അനുവദിച്ചിട്ടുള്ളത്. തദ്ദേശ സ്വയംഭരണവകുപ്പ് തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുന്നവർക്ക് എഎവൈ കാർഡ് നൽകുന്ന നടപടികൾ ഇതോടൊപ്പം ആരംഭിച്ചിട്ടുണ്ട്.
പൊതുവിതരണ സംവിധാനം സംശുദ്ധമാക്കി ഭക്ഷ്യഭദ്രത ഉറപ്പു വരുത്തുന്നതിനായി റേഷൻ കാർഡുടമകളെയും അംഗങ്ങളെയും ആധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ദൗത്യം നൂറു ശതമാനം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളം. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. 

ഇതിനോടൊപ്പം അംഗീകൃത റേഷൻ വ്യാപാരികൾക്കായി പ്രവർത്തിക്കുന്ന കേരള റേഷൻ വ്യാപാരി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ ഓണ്‍ലൈൻ സംവിധാനത്തിലൂടെ നൽകുന്നതിനുവേണ്ടി തയ്യാറാക്കിയിട്ടുള്ള വെബ് പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം അർഹരായി കണ്ടെത്തിയിട്ടുള്ള അപേക്ഷകർക്ക് 23 വരെ തരംമാറ്റിയ പിഎച്ച്എച്ച് കാർഡുകൾ ലഭ്യമാക്കും.

Eng­lish Sum­ma­ry: Inau­gu­ra­tion of state lev­el dis­tri­b­u­tion of half lakh pri­or­i­ty cards today

You may also like this video

Exit mobile version