Site iconSite icon Janayugom Online

മംഗല്യഭാഗ്യത്തിനായി ദുർമന്ത്രവാദം; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ചവിട്ടിക്കൊ ന്നു, നാല് യുവതികൾ അറസ്റ്റിൽ

മംഗല്യഭാഗ്യം ലഭിക്കുന്നതിനുള്ള ദേവപ്രീതിക്കായി 16 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നാല് യുവതികൾ ചേർന്ന് ചവിട്ടിക്കൊന്നതായി പരാതി. രാജസ്ഥാനിലെ ജോധ്പുരിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം. കുലദൈവമായ ഭേരുവിനെ പ്രീതിപ്പെടുത്തുന്നതിനാണ് സ്വന്തം സഹോദരിയുടെ കുഞ്ഞിനെ ഇവർ ക്രൂരമായി കൊലപ്പെടുത്തിയത്. കുഞ്ഞിൻ്റെ അമ്മ കുളിക്കുന്നതിനായി പോയ സമയത്തായിരുന്നു ഈ ക്രൂരകൃത്യം അരങ്ങേറിയത്. കുഞ്ഞിൻ്റെ കുടുംബത്തിൻ്റെ പരാതിയിൽ നാല് യുവതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. നവജാത ശിശുവിനെ കുരുതി നൽകിയാൽ വിവാഹം വേഗത്തിൽ നടക്കുമെന്ന് ആരോ ഉപദേശിച്ചതിനെ തുടർന്നാണ് ക്രൂരതയ്ക്ക് മുതിർന്നതെന്ന് പൊലീസ് പറയുന്നു. 

കുഞ്ഞിനെ മടിയിൽ വെച്ച് യുവതികളിലൊരാൾ മന്ത്രങ്ങൾ ഉരുവിടുന്നതിൻ്റെയും ചുറ്റും നിന്ന സഹോദരിമാർ അത് ഏറ്റുചൊല്ലുന്നതിൻ്റെയും വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതിക്രൂരമായ മർദനമാണ് കുഞ്ഞിന് ഏറ്റതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുഞ്ഞിൻ്റെ കൈയും കാലും തല്ലിയൊടിക്കുകയും കഴുത്തിൽ ചവിട്ടിപ്പിടിച്ച് കൊലപ്പെടുത്തുകയും മുടി പിഴുതെടുക്കുകയും ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. സഹോദരിമാർ അവരുടെ വിവാഹം ശരിയാകാത്തതിൽ അസ്വസ്ഥരായിരുന്നുവെന്നും വിവാഹാലോചന കൊണ്ടുവരണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നതായും കൊല്ലപ്പെട്ട കുഞ്ഞിൻ്റെ പിതാവായ യുവാവ് പറഞ്ഞു. ഈ ഹീനമായ കൃത്യം ചെയ്ത സഹോദരിമാർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും വിഡിയോ തെളിവായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതികൾ പതിവായി ദുർമന്ത്രവാദം ചെയ്തുവരുന്നവരാണെന്നും, ഇതിനായി ഉപയോഗിക്കുന്ന നാരങ്ങയും മുളകുമെല്ലാം പൂജയ്ക്ക് ശേഷം വഴിയിൽ ഉപേക്ഷിക്കാറുണ്ടെന്നും അയൽവാസികൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. കുഞ്ഞിൻ്റെ പിതാവിൻ്റെ പരാതിയിൽ അറസ്റ്റിലായ യുവതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.

Exit mobile version