ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ 6 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമാരപുരം പൊത്തപ്പള്ളി തെക്ക് പീടികയിൽ വീട്ടിൽ ടോം പി തോമസ് (26), കുമാരപുരം പൊത്തപ്പള്ളി കടൂർ വീട്ടിൽ വിഷ്ണു (29), തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് നിഷ ഭവനത്തിൽ കിഷോർകുമാർ (34), കുമാരപുരം താമല്ലാക്കൽ പടന്നയിൽ കിഴക്കതിൽ ശിവകുമാർ (25), കുമാരപുരം എരിക്കാവ് കൊച്ചു പുത്തൻപറമ്പിൽ സുമേഷ്(33), താമല്ലാക്കൽ പുളിമൂട്ടിൽ സൂരജ് (20) എന്നിവരെയാണ് ഹരിപ്പാട് സി ഐ ബിജു വി നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റൊരു പ്രതിയായ കുമാരപുരം പൊത്തപ്പള്ളി തെക്ക് ചെട്ടിശ്ശേരിൽ വടക്കേതിൽ നന്ദു പ്രകാശ് (കരിനന്ദു ‑23) ഒളിവിലാണ്. ആർഎസ്എസ് പ്രവർത്തകൻ ആയിരുന്ന തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് വലിയപറമ്പ് ശരത് ഭവനത്തിൽ ചന്ദ്രന്റെ മകൻ ശരത് ചന്ദ്രനെ (അക്കു ‑26) ആണ് ബുധനാഴ്ച രാത്രി അക്രമിസംഘം കുത്തിക്കൊന്നത്. കാട്ടിൽ മാർക്കറ്റ് പുത്തൻകരിയിൽ ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങിയ ശരത്തിനെയും കൂട്ടുകാരനെയും പ്രതികൾ വഴിയിൽ കാത്തുനിന്ന് ആക്രമിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
ശരത്തിന്റെ സുഹൃത്ത് പുത്തൻവീട്ടിൽ മനോജ് (24) പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. താലപ്പൊലി ഘോഷയാത്രയ്ക്കിടെ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിൽ മുതിർന്നവരിടപെട്ടതാണ് പിന്നീട് സംഘം ചേർന്നുള്ള ആക്രമണത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. പ്രതികൾ മയക്കുമരുന്നിന് അടിമകളാണെന്നും ക്വട്ടേഷൻ ആക്രമണം ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ പ്രതികളാണെന്നും ഇവർക്കു രാഷ്ട്രീയബന്ധമില്ലെന്നും പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾ ഉടൻ പിടിയിലാകുമെന്നും പോലീസ് അറിയിച്ചു.