കെഎസ്ആര്‍ടിസി ബസിടിച്ച് മകനൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത അച്ഛന്‍ മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ. ഡ്രൈവറുടേത് അശ്രദ്ധവും അലക്ഷ്യവുമായ ഡ്രൈവിങ്ങെന്നു മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. ഡ്രൈവര്‍ ചേര്‍ത്തല പാണാവള്ളി കൊച്ചുതറ വീട്ടില്‍ കെ വി ശൈലേഷിന് ആലപ്പുഴ ആര്‍ടിഒ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി. സിസിടിവി ദൃശ്യങ്ങള്‍, അപകട സ്ഥലത്ത് നടത്തിയ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് മോട്ടര്‍ വാഹന വകുപ്പ് നടപടി.
വിജിലന്‍സ് വിഭാഗം നടത്തിയ പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കെ വി ശൈലേഷിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരു മാസത്തിനുള്ളില്‍ നല്‍കാനും കെഎസ്ആര്‍ടിസി സിഎംഡിക്കു മന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. അപകടത്തില്‍ തെറ്റ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്താണെന്ന ആരോപണം ശരിവയ്ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണു മന്ത്രിയുടെ നടപടി. കരളകം കണ്ണാടിച്ചിറ വീട്ടില്‍ മാധവന്‍ ആചാരിയാണ് (73) മരിച്ചത്. ഡ്രൈവര്‍ക്കെതിരെ സൗത്ത് പൊലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
വെള്ളിയാഴ്ച വൈകിട്ട് 5.05ന് ജനറല്‍ ആശുപത്രി ജംക്ഷനു സമീപമായിരുന്നു അപകടം. കോട്ടയത്തുനിന്ന് ആലപ്പുഴയിലേക്കു വന്ന ആലപ്പുഴ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡിന്റെ ഇടതു വശം ചേര്‍ന്നു പോകുകയായിരുന്ന ബസ് പെട്ടെന്ന് വലത്തേക്കു തിരിക്കുകയും അതേ സ്പീഡില്‍ വീണ്ടും ഇടത്തേക്ക് വെട്ടിക്കുകയും ചെയ്തപ്പോഴാണ് അപകടമുണ്ടായതെന്നു സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്കു തെറിച്ചു വീണ മാധവന്‍ ആചാരിയുടെ മുകളിലൂടെ ബസിന്റെ പിന്‍ചക്രം കയറി ഇറങ്ങുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂട്ടര്‍ ഓടിച്ചിരുന്ന മകന്‍ ഷാജിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
English summary; Incident of death of a person traveling on a scooter in a KSRTC bus; The driver’s license will be cancelled
You may also like this video;