വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ. തന്റെ പൂര്‍ണ വാദം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സമിതി അടിസ്ഥാന വസ്തുതകള്‍ കണ്ടെത്തിയില്ല. കണ്ടെത്തിയ പണത്തിന്റെ ഉടമസ്ഥാവകാശം, ആധികാരികത എന്നിവ ഉറപ്പ് വരുത്താന്‍ സമഗ്ര അന്വേഷണം വേണമെന്നും യശ്വന്ത് വര്‍മ്മ പറഞ്ഞു. ഇംപീച്ച്‌മെന്റ് പ്രമേയം പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കെയാണ് ജഡ്ജിയുടെ ഈ നീക്കം.
ഈ മാസം മൂന്നിനാണ് ജഡ്ജി യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികള്‍ കേന്ദ്രസര്‍ക്കാർ ആരംഭിച്ചത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ തേടിയിരുന്നു. ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ എംപിമാരുടെ പിന്തുണയാണ് കേന്ദ്ര സർക്കാർ തേടിയത്. അതേസമയം ജസ്റ്റിസ് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ സുപ്രീംകോടതി ശുപാര്‍ശ ചെയ്തിരുന്നു. മാര്‍ച്ച് 14ന് രാത്രിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ തീപിടിത്തം ഉണ്ടാകുകയും തീയണയ്ക്കാനെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തുകയും ചെയ്തത്.

