Site icon Janayugom Online

ബാലറ്റ് കാണാതായ സംഭവം: ഇനി പൊലീസ് അന്വേഷണവും

ballot

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ ഇനി പൊലീസ് അന്വേഷണവും നടക്കും. സംസ്ഥാനത്തുത്തന്നെ ആദ്യമായി നടന്ന സംഭവമായതിനാൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ജനപ്രാതിനിധ്യ നിയമം 134, 136 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പെട്ടി കൈമാറിയവരും. ഏറ്റുവാങ്ങിയവരുമായ ഉദ്യോഗസ്ഥർക്കെതിരെയാവും അന്വേഷണം. ഉദ്യോഗസ്ഥതലത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് സബ്ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയര്‍ അക്കൗണ്ടന്റ് എസ് രാജീവ് എന്നിവരെ സസ്പെന്റ് ചെയ്തിരുന്നു. 

ആദ്യഘട്ടത്തിൽ നാല് ഉദ്യോഗസ്ഥർക്ക് ജില്ലാ കളക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകുിയിരുന്നു. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ് രാജീവ്, സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോയിന്റ് രജിസ്ട്രാറായ എസ് പ്രബിത്ത് എന്നിവർക്കായിരുന്നു ഒരാഴ്ചക്കുള്ളിൽ മറുപടി നൽകണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസ് നല്‍കിയത്.

അബദ്ധത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് ബാലറ്റ് പെട്ടിയുമായി നിയമസഭാ മണ്ഡലത്തിലെ ബാലറ്റ് മാറിപ്പോയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണമെന്നാണ് സൂചന. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടും ഉദ്യോഗസ്ഥരുടെ വിശദീകരണവും ഉൾപ്പെടുത്തിയാണ് അന്തിമറിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർക്ക് കൈമാറുക. ഇതിനുശേഷമാകും സംഭവത്തിൽ തുടർ നടപടികൾ ഉണ്ടാവുക. 

ട്രഷറിയിൽ നിന്ന് കാണാതായ വോട്ടുപെട്ടി പിന്നീട് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫിസിൽ നിന്നാണ് കണ്ടെത്തിയത്. പെട്ടി തുറന്നനിലയിലായിരുന്നു. ട്രഷറിയിൽ നിന്ന് പെട്ടി മാറ്റിയപ്പോൾ പുറമെ നിന്നുള്ള ജോലിക്കാര്‍ ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കേസ് ഈ മാസം 30ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുന്നത്. 

Eng­lish Sum­ma­ry: Inci­dent of miss­ing bal­lot: Now police investigation

You may like this video also

Exit mobile version