Site iconSite icon Janayugom Online

കറന്‍സി പ്രചാരത്തിലും മൂല്യത്തിലും വര്‍ധന; 2,000 രൂപ നോട്ടുകള്‍ അപ്രത്യക്ഷമാകുന്നു

രാജ്യത്ത് വിനിമയത്തിലുള്ള കറന്‍സിയില്‍ വീണ്ടും വര്‍ധന. രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളുടെ എണ്ണം 13,053 കോടിയാണ്. ഫലത്തില്‍ ഒരു വര്‍ഷം കൊണ്ട് കറന്‍സി നോട്ടുകളുടെ എണ്ണത്തില്‍ 616 കോടിയുടെ വര്‍ധനവുണ്ടായി. രാജ്യത്തെ മൊത്തം കറന്‍സികളുടെ മൂല്യം 31.05 ലക്ഷം കോടിയാണ്. 2021 മാര്‍ച്ചില്‍ ഇത് 28.27 ലക്ഷം കോടിയായിരുന്നു. ഒരു വര്‍ഷം കൊണ്ട് നോട്ടിന്റെ എണ്ണത്തില്‍ അഞ്ചു ശതമാനം വര്‍ധനയും മൂല്യത്തില്‍ 9.9 ശതമാനം വര്‍ധനയും ഉണ്ടായതായി റിസര്‍വ് ബാങ്ക് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലെ കണക്കുകള്‍ വ്യക്തമാക്കുന്നു. നോട്ട് നിരോധനം കള്ളപ്പണം തടയുന്നതിനൊപ്പം ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാല്‍ ആര്‍ബിഐ കണക്കുകള്‍ ഈ അവകാശവാദം തെറ്റായിരുന്നുവെന്ന് തെളിയിക്കുന്നു. പ്രചാരത്തിലുള്ള കറന്‍സിയില്‍ ഏറ്റവും കൂടുതല്‍ 500 രൂപ നോട്ടുകളാണ് 34.9 ശതമാനം. രണ്ടാംസ്ഥാനത്ത് 10 രൂപ 21.3 ശതമാനം 10ന്റെ നോട്ടുകള്‍ വിനിമയത്തിലുണ്ട്. അതേസമയം കൂടുതല്‍പേരും ആവശ്യപ്പെടുന്നത് 100 രൂപ നോട്ടുകളാണ്. 

രാജ്യത്ത് 2,000 രൂപ നോട്ടുകള്‍ വിനിമയത്തില്‍ നിന്നും അപ്രത്യക്ഷമാകുന്നതായും ആര്‍ബിഐ പുറത്തുവിട്ട വിവരങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. പ്രചാരത്തിലുള്ള കറന്‍സി നോട്ടുകളില്‍ 1.6 ശതമാനം മാത്രമാണ് 2,000 രൂപ നോട്ടുകള്‍. വിപണിയിലും പോക്കറ്റിലും ഈ നോട്ടിന്റെ സാന്നിധ്യം കുറഞ്ഞു. 214 കോടി മൂല്യമുള്ള 2,000 രൂപ നോട്ട് മാത്രമാണ് പ്രചാരത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തിന്റെ ഭാഗമായാണ് 2000 രൂപ നോട്ടുകള്‍ ഇറക്കിയത്. 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 500, 2000 രൂപ നോട്ടുകള്‍ ഇറക്കിയിരുന്നു. മാറ്റിക്കിട്ടാന്‍ പ്രയാസമായ 2000 നോട്ടിനെ സാധാരണ ജനം പൊതുവേ തഴയുകയായിരുന്നു. ഇതോടെ റിസര്‍വ് ബാങ്ക് അവ ഘട്ടങ്ങളായി പിന്‍വലിച്ച് ചെറിയ നോട്ടുകള്‍ കൂടുതലായി അച്ചടിക്കുകയും ചെയ്തു. അതേസമയം ഡിജിറ്റല്‍ ഇടപാടുകളില്‍ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും ആര്‍ബിഐ വിലയിരുത്തുന്നുണ്ട്. 

Eng­lish Summary:Increase in cur­ren­cy cir­cu­la­tion and val­ue; Rs 2,000 notes disappear
You may also like this video

Exit mobile version