ഇന്ധന, പാചകവാതക വിലവര്‍ധനവ് എണ്ണ കമ്പനികള്‍ക്ക് ലാഭകൊയ്ത്താകുന്നു. വിലവര്‍ധനവ് പൊതുമേഖലാ സ്ഥാപനമായ ഓയില്‍ ആന്റ് നാച്യുറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി), ഓയില്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ കമ്പനികള്‍ക്ക് കോടികളുടെ ലാഭമാണ് നേടികൊടുക്കുക. വിലവര്‍ധനവ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഎന്‍ജിസിക്ക് 23,000 കോടിയുടെയും റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 11,500 കോടിയുടെയും വരുമാനമുണ്ടാക്കുമെന്നാണ് രാജ്യാന്തര നിക്ഷേപബാങ്ക് ആയ മോർഗൻ സ്റ്റാൻലിയുടെ പ്രവചനം. പാചകവാതകത്തിന്റെ വില ഓരോ തവണ കൂട്ടുമ്പോഴും ഒഎന്‍ജിസിയുടെ വരുമാനത്തില്‍ അഞ്ച് മുതല്‍ ആറ് ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടാകുമെന്ന് മോർഗൻ സ്റ്റാൻലി പറയുന്നു.
ആഗോള ഗ്യാസ് ഹബ്ബുകളായ എന്‍ബിപി, ഹെന്റി ഹബ്, ആല്‍ബേര്‍ട്ട, റഷ്യ ഗ്യാസ് എന്നിവിടങ്ങളിലെ കഴിഞ്ഞ 12 മാസങ്ങളിലെ വിലയുടെ അടിസ്ഥാനത്തിലാണ് ഇന്ത്യ പാചകവാതക നിരക്ക് നിശ്ചയിക്കുന്നത്. വരുന്ന ഒക്ടോബറില്‍ പാചകവാതകത്തിന്റെ വിലയില്‍ 25 ശതമാനം വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് പ്രവചിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് വിലപിടിച്ചുനിര്‍ത്തിയതിലൂടെ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് 19000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് മൂഡീസ് റേറ്റിങ് ഏജൻസി വിലയിരുത്തിയിരുന്നു. ഇത് നികത്തുന്ന തരത്തില്‍ 25 രൂപവരെ വില ഉയര്‍ത്താനാണ് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുള്ളത്.
137 ദിവസത്തിന് ശേഷം മാര്‍ച്ച് 22 മുതലാണ് രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ച് തുടങ്ങിയത്. ഇന്നലെ ലിറ്ററിന് 40 പൈസ വീതം പെട്രോളിനും ഡീസലിനും കൂട്ടി. പതിനഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒമ്പത് രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 81 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എണ്ണവിലക്കയറ്റത്തിന്റെ പ്രതിഫലനം നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പ്രതിഫലിച്ചുതുടങ്ങിയിട്ടുണ്ട്. പച്ചക്കറി, ഭക്ഷ്യ എണ്ണ അടക്കമുള്ളവക്കെല്ലാം വില ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിക്കുന്ന അവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും വിവിധ സാമ്പത്തിക ഗവേഷണ സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു.
English Summary:Increase in fuel and cooking gas prices; Profit reaping for oil companies
You may also like this video