Site iconSite icon Janayugom Online

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസ് വര്‍ധന; വലഞ്ഞ് യാത്രക്കാര്‍

റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസിന്റെ പേരിൽ കൊള്ളയെന്ന പരാതിയുമായി യാത്രക്കാർ. പാർക്കിങ് ഫീസ് കുത്തനെ ഉയർത്തിയതും സ്ലാബ് മാറ്റവുമാണ് വ്യാപക പരാതിക്കിടയാക്കിയത്. രണ്ടു മണിക്കൂർവരെ പാർക്ക് ചെയ്യുന്നതിന് ഇരുചക്രവാഹനങ്ങൾക്ക് അഞ്ചു രൂപയായിരുന്നത് 10 രൂപയാക്കി. നാലുചക്ര വാഹനങ്ങൾക്ക് 10 രൂപ ആയിരുന്നത് 30 ആക്കി. 24 മണിക്കൂർ വരെ ഇരുചക്രവാഹനം വെക്കുന്നതിന് 30 രൂപയും നാലുചക്രവാഹനത്തിന് 80 രൂപയുമാക്കി. രണ്ടാമത്തെ സ്ലാബ് രണ്ട്-12 ആയിരുന്നത് ഇപ്പോൾ രണ്ട്-എട്ട് ആയി. മൂന്നാമത്തെ സ്ലാബ് എട്ട്-24,നാലാമത്തെ സ്ലാബ് 24–48 എന്നിങ്ങനെയും. ഇതോടെ 24 മണിക്കൂർ വെച്ച വാഹനം 25 മണിക്കൂർ ആയാൽ 48 മണിക്കൂറിന്റെ നിരക്ക് ഈടാക്കും.

പ്രതിമാസ നിരക്കും മൂന്നിരട്ടി കൂട്ടി. നേരത്തെ 200 രൂപ ആയിരുന്നത് 600 രൂപ നൽകണം. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള സ്റ്റേഷനുകളിലാണ് നിരക്ക് വർധന. സ്ഥിരം യാത്രക്കാർക്കാണ് വർധന ഏറെ ബുദ്ധിമുട്ടായത്. ജോലിക്കു പോകുന്നവർ വാഹനം സ്റ്റേഷനിൽ പാർക്ക് ചെയ്തു പോകുന്നവരാണ്. പാർക്കിങ്ങിന് പ്രതിമാസ പാസ് ഉണ്ടെങ്കിലും കരാറുകാർ നൽകുന്നില്ലെന്നും യാത്രക്കാർ പറയുന്നു. ചോദിച്ചാൽ പലപ്പോഴും മോശമായാണ് പെരുമാറുന്നത്. പ്രതിമാസ പാസ് എല്ലാവർക്കും പാർക്കിങ്ങിന് പ്രതിമാസ പാസ് ഇത്ര എണ്ണമേ നൽകാവൂ എന്നില്ല. ചോദിക്കുന്ന യാത്രക്കാർക്കെല്ലാം നൽകണം. ഫീസ് വർധന റെയിൽവേ തീരുമാനമാണ്. പുതിയ സ്ലാബ് അനുസരിച്ചാണ് നിരക്ക് ഈടാക്കുന്നതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

Exit mobile version