Site iconSite icon Janayugom Online

രാജ്യത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളുടെ എണ്ണത്തിൽ വർധന

രാജ്യത്ത് വധശിക്ഷ കാത്ത് കഴിയുന്ന തടവുകാരുടെ എണ്ണത്തിൽ വർധന. 2021 ഡിസംബർ 31 വരെ രാജ്യത്താകെ 488 പേരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്നത്. കഴിഞ്ഞ 17 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന എണ്ണമാണിത്. 2020 ൽ 404 പേരായിരുന്നു മരണ ശിക്ഷ കാത്തു കഴിഞ്ഞിരുന്നത്. ന്യൂഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ റിസർച്ച് ആന്റ് അഡ്വക്കസി ഗ്രൂപ്പായ പ്രോജക്ട് 39എ തയാറാക്കിയ റിപ്പോർട്ടനുസരിച്ച് 86 പേർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ തടവുകാരുള്ളത്. തൊട്ടുപിന്നാലെ മഹാരാഷ്ട്രയാണ് 41.പശ്ചിമ ബംഗാളിൽ 37 പേരാണുള്ളത്. കുറഞ്ഞ എണ്ണം വധശിക്ഷാ പ്രതികൾ ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലുമാണ്, യഥാക്രമം രണ്ടും മൂന്നും. കേരളത്തിലും തമിഴ്‍നാട്ടിലും 18 പേർ വീതം മരണശിക്ഷ കാത്ത് കഴിയുന്നു. 

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസ്റ്റിക്സ് ഓഫ് ഇന്ത്യ റിപ്പോർട്ടുകളനുസരിച്ച് 2004 ന് ശേഷമുള്ള ഏറ്റവും ഉയർന്ന സംഖ്യയാണ് 488. 2004 ൽ 563 പേരാണ് ഈ പട്ടികയിലുണ്ടായിരുന്നത്. കോവിഡ് കാരണം കോടതികളുടെ പ്രവർത്തനത്തിൽ വരുത്തിയ കുറവാണ് വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്ക് മുൻഗണന നല്കിയതെന്ന് റിപ്പോർട്ട് പറയുന്നു.
ഹൈക്കോടതികൾ 2020 ൽ 31 കേസുകളും 2021 ൽ 39 കേസുകളം തീർപ്പാക്കിയപ്പോൾ സുപ്രീം കോടതി 2020 ൽ 11 ഉം 21 ൽ ആറ് കേസുകളിലുമാണ് തീർപ്പു കല്പിച്ചത്. അതേസമയം വിചാരണ കോടതികൾ നല്കുന്ന വധശിക്ഷകളുടെ എണ്ണത്തിൽ കുത്തനെ വർധനയുണ്ടായി. 

2020 ൽ വിചാരണ കോടതികൾ 78 പേർക്ക് വധശിക്ഷ വിധിച്ചു. 2021 ൽ ഇത് ഇരട്ടിയായി 144 ൽ എത്തിയെന്ന് റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം വിചാരണക്കോടതികളിലെ വധശിക്ഷ ഭൂരിഭാഗവും കൊലപാതക കേസുകളിലായിരുന്നു 62.ലൈംഗിക കുറ്റകൃത്യങ്ങളില്‍ 48 പേർക്ക് മരണശിക്ഷ വിധിച്ചു. ആറ് വർഷത്തിനിടെ ആദ്യമായി, വ്യാജമദ്യക്കേസിൽ വധശിക്ഷ വിധിച്ചതും 2021 ലാണെന്ന് റിപ്പോർട്ട് പറയുന്നു. 2016 ഓഗസ്റ്റിൽ 19 പേരുടെ മരണത്തിനിടയാക്കിയ ബിഹാറിലെ വ്യാജമദ്യദുരന്ത കേസിൽ ഒമ്പത് പേർക്കാണ് വധശിക്ഷ വിധിച്ചത്. 

ENGLISH SUMMARY:Increase in the num­ber of con­victs sen­tenced to death in the country
You may also like this video

Exit mobile version