തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറികള്‍ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തില്‍ സംഭരിക്കുന്ന പച്ചക്കറികള്‍ നാളെ മുതല്‍ വിപണിയിലെത്തിക്കാനാണ് ഹോര്‍ട്ടികോര്‍പ്പ് തയ്യാറെടുക്കുന്നത്. കൃഷി മന്ത്രി പി പ്രസാദിന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചുകൂട്ടിയ ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. വിപണിയില്‍ പച്ചക്കറി വില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ പച്ചക്കറി വില സാധാരണ നിലയില്‍ ആക്കാനുള്ള സമഗ്ര പദ്ധതിയാണ് കൃഷിവകുപ്പ് തയ്യാറാക്കിയത്. കാര്‍ഷിക വിപണന മേഖലയില്‍ ഇടപെടല്‍ നടത്തുന്ന ഹോര്‍ട്ടികോര്‍പ്പ് വി.എഫ്.പി.സി.കെ തുടങ്ങിയ സ്ഥാപനങ്ങളുടെ നിലവിലുള്ള വിപണന സംവിധാനം അഴിച്ചുപണിയുമെന്നും കാലോചിതമായ ഇടപെടല്‍ വിപണയില്‍ വരുത്തുന്ന തരത്തിലുള്ള സംവിധാനം രൂപകല്പന ചെയ്യുമെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു. ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് സമഗ്രമായ പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഡബ്ല്യൂ.ടി.ഒ. സെല്‍ സ്‌പെഷല്‍ ഓഫീസര്‍ ആരതിയുടെ നേതൃത്വത്തിലുള്ള നാലംഗ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.
നാടന്‍ പച്ചക്കറിയെ ആശ്രയിച്ച് വിപണിയെ പിടിച്ചുനിര്‍ത്താന്‍ നമുക്കാവണം. അതിനായി പ്രാദേശിക പച്ചക്കറി ഉത്പാദനം ഇനിയും വര്‍ദ്ധിപ്പിച്ചേ മതിയാകൂ. വീട്ടുവളപ്പില്‍ ചെറിയതോതിലുള്ളതാണെങ്കിലും പച്ചക്കറി ഉത്പാദനം വര്‍ദ്ധിപ്പിക്കണം. അധികമായി ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിന് മൊബൈല്‍ അപ്ലിക്കേഷന്‍ വികസിപ്പിക്കുമെന്നും അതിലൂടെ സംഭരിക്കുന്ന പച്ചക്കറികള്‍ ഏകോപിപ്പിച്ച് പൊതു വിപണിയില്‍ എത്തിക്കാന്‍ ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് പച്ചക്കറി കൃഷി നശിച്ചു പോയവര്‍ക്ക് അടിയന്തിരമായി പച്ചക്കറി തൈകള്‍ ലഭ്യമാക്കാനും കൃഷി മന്ത്രി നിര്‍ദ്ദേശം കൊടുത്തു.
English summary; Increase in vegetable prices; Vegetables will start arriving from neighboring states
You may also like this video;