കോവിഡും വര്‍ധിച്ചുവരുന്ന ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടോ എന്നതിനെക്കുറിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പഠനം തുടങ്ങി. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഹൃദയാരോഗ്യവിദഗ്ധരും ഫോറന്‍സിക് സ്പെഷ്യലിസ്റ്റുകളും അടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്. കോവിഡ് വൈറസുമായി ഇതിന് ബന്ധമുണ്ടോ എന്നറിയുകയാണ് ലക്ഷ്യം. കോവിഡിനുശേഷം രാജ്യമെങ്ങുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഹൃദയാഘാത മരണങ്ങളെ വിശകലനം ചെയ്യാനാണ് ഡോക്ടര്‍മാരുടെ ശ്രമം. ‘വെര്‍ബല്‍ ആട്ടോപ്‌സി’ എന്ന സങ്കേതം ഉപയോഗിച്ചാണ് പഠനം.
കോവിഡ് പിടിപെട്ടവരിലും വാക്സിന്‍ എടുത്തവരിലും ഹൃദയാഘാതം മൂലമുള്ള മരണങ്ങള്‍ വര്‍ധിക്കുന്നതായി കാട്ടി നവമാധ്യമങ്ങളിലും മറ്റും പ്രചരണം ശക്തമാണ്. ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരികയാണ് പഠനം കൊണ്ട് ഉദ്ദേശിക്കുന്നത്. വ്യായാമത്തില്‍ ഏര്‍പ്പെടുമ്പോഴും മറ്റും ചെറുപ്പക്കാര്‍ കുഴഞ്ഞുവീഴുന്നതിന്റെ വീഡിയോകള്‍ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും പ്രചരിച്ചിരുന്നു. ഇതോടെ വാക്സിന്‍ എടുത്തവരില്‍ ഹൃദയാഘാതം സാധാരണമാണെന്ന തരത്തില്‍ കിംവദന്തി വ്യാപകമായി.
എന്നാല്‍ കോവിഡും ഹൃദയാഘാതവും തമ്മില്‍ ബന്ധമുണ്ടാകാന്‍ സാധ്യയില്ലെന്നാണ് വിദഗ്ധരുടെ അനുമാനം. ലോക്‌ഡൗണ്‍ കാലയളവില്‍ സ്വാഭാവികമായ വ്യായാമം ലഭിക്കാത്തത് ഹൃദയാഘാത സാധ്യത വര്‍ധിപ്പിച്ചുവെന്നാണ് ഇവരുടെ പക്ഷം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരില്‍ കോവിഡ് മൂലമുള്ള പ്രശ്നങ്ങള്‍ അധികരിക്കാന്‍ സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.
2020 മാര്‍ച്ചില്‍ കോവിഡ് ആദ്യമായി പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികളില്‍ 27.8 ശതമാനം പേര്‍ക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയിരുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ആധികാരികമായ പഠനങ്ങളൊന്നും നടന്നിട്ടില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ കൂടുതല്‍ പേരും ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവരായിരുന്നുവെന്നും പറയപ്പെടുന്നു.
English Summary: Increased heart attacks due to covid
You may also like this video