Site iconSite icon Janayugom Online

സ്വതന്ത്ര യാത്രിക പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം

യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ പ്രോത്സാഹിപ്പിക്കുവാൻ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടപ്പാക്കുന്ന സ്വതന്ത്ര യാത്രിക പദ്ധതിക്ക് വ്യാഴാഴ്ച ബേപ്പൂരിലെ ഗോതീശ്വരത്ത് തുടക്കമാവും. ബേപ്പൂർ നിയോജക മണ്ഡലത്തിലാണ് ഈ പദ്ധതി ആദ്യമായി നിലവിൽ വരുക. യാത്രയുടെ ഫ്ലാഗ് ഓഫ് 31ന് രാവിലെ ഒമ്പതുമണിക്ക് ഗോതീശ്വരം ബീച്ചിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഓഫ് വുമൺ എന്ന സ്വതന്ത്ര സംഘടന വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് പ്രകാരം മണ്ഡലത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇരുചക്ര വാഹന യാത്ര നടത്താൻ താല്പര്യമുള്ള സ്ത്രീകൾക്ക് സഹായം ഒരുക്കും. ജീവിതത്തിലെ എല്ലാ തുറയിലും പെട്ട സ്ത്രീകൾക്കുവേണ്ടി നിരവധി യാത്രകൾ സംഘടിപ്പിച്ച് അനുഭവമുള്ള സംഘടനയാണ് വേൾഡ് ഓഫ് വുമൺ.

രാജ്യത്തുതന്നെ ആദ്യമായാണ് സർക്കാർ പങ്കാളിത്തതോടെ സ്ത്രീകൾക്ക് മാത്രമായി ഒരു വിനോദ യാത്രാ പദ്ധതി നടപ്പാക്കുന്നത്. ബേപ്പൂരിൽ ആരംഭിക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി. സ്ത്രീകൾ തനിച്ച് നടത്തുന്ന യാത്രകൾ ലോക വ്യാപകമായി ടൂറിസം രംഗത്ത് പുതിയ പ്രവണതയാണെന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾക്കും തികഞ്ഞ സുരക്ഷിതത്വത്തോടെ യും എല്ലാ സൗകര്യങ്ങളുടെയും യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇങ്ങനെ യാത്രക്ക് ഒരുങ്ങുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഹോംസ്റ്റേ, പോലീസ് സഹായം, ഹോട്ടൽ ശൃംഖല കളുമായുള്ള സഹകരണം തുടങ്ങിയവ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry; swathanthra yathrika

You may also like this video;

Exit mobile version