അയൽരാജ്യമായ പാകിസ്താന്റെ ഭീഷണികളെ നേരിടാൻ താലിബാനുമായി വ്യാപാരം ശക്തിപ്പെടുത്താൻ ഇന്ത്യ. അഫ്ഗാൻ വാണിജ്യ മന്ത്രി അൽഹാജ് നൂറുദ്ദീൻ അസീസിയുടെ സന്ദർശനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ സുപ്രധാന നീക്കം.ഇറാന്റെ ചബഹാർ തുറമുഖം വഴിയും ഡൽഹി, അമൃത്സർ എന്നീ നഗരങ്ങളിൽ നിന്നും അഫ്ഗാൻ തലസ്ഥാനമായ കാബൂളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിക്കാനാണ് വെള്ളിയാഴ്ച ധാരണയായത്. ഇതുവഴി ഇന്ത്യയും അഫ്ഗാനിസ്താനും തമ്മിലുള്ള വ്യാപാര ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകും.
ഗിൽജിത്-ബാൾട്ടിസ്താനിൽ പാകിസ്താൻ നിയമവിരുദ്ധമായി അധിനിവേശം നടത്തിയതിനുശേഷം അഫ്ഗാനുമായുള്ള വ്യാപാരത്തിനോ ഗതാഗതത്തിനോ വേണ്ടി ഇന്ത്യ പാകിസ്താനെ ആശ്രയിച്ചിരുന്നില്ല. ഇത് അഫ്ഗാനുമായുള്ള ഇന്ത്യയുടെ വ്യാപാരത്തെ ബാധിച്ചിരുന്നു. പുതിയ കരാറിൽ ഒപ്പുവച്ചതോടെ ഈ വിഷയത്തിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ മാസം, പാകിസ്താൻ- അഫ്ഗാനിസ്താൻ അതിർത്തിയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അഫ്ഗാന്റ വ്യാപാരമേഖലയിലും ഇടിവുണ്ടായിരുന്നു. പാകിസ്താൻ അതിർത്തി അടച്ചതോടെ അഫ്ഗാനിസ്താന് നഷ്ടം 10 കോടി ഡോളർ കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെത്തുടർന്ന്, വ്യാപാരത്തിനായി പാകിസ്താനെ ആശ്രയിക്കരുതെന്ന് താലിബാൻ ഭരണകൂടം തീരുമാനിച്ചിരുന്നു.

