Site icon Janayugom Online

ടൂറിസം സൂചികയിലും ഇന്ത്യ താഴേക്ക്

ആഗോള ടൂറിസം സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്. വേൾഡ് ഇക്കണോമിക് ഫോറം തയാറാക്കിയ ട്രാവൽ ആന്റ് ടൂറിസം റിപ്പോര്‍ട്ടനുസരിച്ച് 54-ാം സ്ഥാനത്താണ് ഇന്ത്യ. 2019‑ൽ പ്രസിദ്ധീകരിച്ച പട്ടികയില്‍ ഇന്ത്യക്ക് 46-ാം സ്ഥാനമുണ്ടായിരുന്നു. രണ്ടു വര്‍ഷത്തിലൊരിക്കലാണ് സൂചിക പ്രസിദ്ധീകരിക്കുന്നത്. ജപ്പാനാണ് ഒന്നാം സ്ഥാനത്ത്. യുഎസ്, സ്‌പെയിൻ, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രേലിയ, യുകെ, സിംഗപ്പൂർ, ഇറ്റലി എന്നിവയാണ് മുൻ നിരയില്‍ ഇടം നേടിയിരിക്കുന്ന രാജ്യങ്ങള്‍. എന്നാല്‍ ദക്ഷിണേഷ്യയിൽ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്ത് തുടരുന്നു.

2021 ജനുവരി മുതല്‍ 22 ജനുവരി വരെയുള്ള അന്താരാഷ്‌ട്ര വിനോദസഞ്ചാരികളുടെ വരവിലെ വ്യത്യാസം 2021‑ലെ മൊത്തത്തിലുള്ള വരവിനെക്കാൾ കൂടുതലാണ്. എങ്കിലും അന്താരാഷ്ട്ര വിനോദസഞ്ചാരവും വ്യാപാരയാത്രകളും മഹാമാരിക്ക് മുമ്പുള്ള നിലവാരത്തിന് താഴെയാണെങ്കിലും, ഉയര്‍ന്ന വാക്സിനേഷൻ നിരക്കുകൾ, യാത്രകളിലേക്കുള്ള തിരിച്ചുവരവ്, ആഭ്യന്തരവും പ്രകൃത്യധിഷ്ഠിതവുമായ ടൂറിസത്തിനുള്ള വർധിച്ചുവരുന്ന ആവശ്യം എന്നിവ ഈ മേഖലയുടെ വീണ്ടെടുക്കൽ ശക്തിപ്പെടുത്തി. 

കോവിഡ് അടച്ചുപൂട്ടലുകൾ ലോകമെമ്പാടുമുള്ള സമ്പദ്‌വ്യവസ്ഥകൾക്ക് യാത്രയും വിനോദസഞ്ചാരവും നൽകുന്ന സംഭാവനയില്‍ കുറവുണ്ടാക്കി. മഹാമാരിയില്‍ നിന്ന് ലോകം കരകയറുമ്പോൾ യാത്രാ, ടൂറിസം മേഖലയില്‍ ശക്തവും പ്രതിരോധശേഷിയുള്ളതുമായ അന്തരീക്ഷം കെട്ടിപ്പടുക്കാൻ കൂടുതല്‍ സാമ്പത്തിക നിക്ഷേപം വേണമെന്ന് വേൾഡ് ഇക്കണോമിക് ഫോറത്തിലെ ഏവിയേഷൻ ട്രാവൽ ആന്റ് ടൂറിസം മേധാവി ലോറൻ അപ്പിങ്ക് പറഞ്ഞു.

Eng­lish Summary:India also down in tourism index
You may also like this video

Exit mobile version