Site iconSite icon Janayugom Online

പാകിസ്ഥാന്റെ ഭൂഗര്‍ഭ സൈനിക സംവിധാനങ്ങളെയും ഇന്ത്യ ലക്ഷ്യം വെച്ചു; ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്

പാകിസ്ഥാന്റെ മുറിദ് വ്യോമതാവളത്തിന് നേര്‍ക്ക് ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ ഉഹഗ്രചിത്രങ്ങള്‍ പുറത്ത്. മുറിദില്‍ ഉണ്ടായിരുന്നെന്ന് സംശയിക്കുന്ന, ഭൂഗര്‍ഭസംവിധാനങ്ങളെ കൂടി ഇന്ത്യ ലക്ഷ്യം വെച്ചിട്ടുണ്ടായിരുന്നിരിക്കാം എന്നാണ് ഈ ചിത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനയെന്ന് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാക്സാര്‍ ടെക്നോളജീസാണ് ഈ ഉപഗ്രചിത്രങ്ങള്‍ ശേഖരിച്ചിട്ടുള്ളത്. മുറിദ് വ്യോമതാവളത്തിനുള്ളില്‍ അതീവസുരക്ഷാസന്നാഹങ്ങളുള്ള ഒരു സബ് കോംപ്ലക്‌സിന്റെയുള്ളില്‍ പ്രവേശന കവാടത്തില്‍നിന്ന് 30 മീറ്റര്‍ അകലെ മൂന്ന് മീറ്റര്‍ വീതിയുള്ള ഗര്‍ത്തം രൂപപ്പെട്ടതായാണ് ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഡബിള്‍ ഫെന്‍സിങ്, നിരീക്ഷണസ്തൂപങ്ങള്‍, അതിസുരക്ഷാ ക്രമീകരണങ്ങള്‍ തുടങ്ങിയവയുള്ള മേഖലയാണ് ഇവിടം.

കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ ഫങ്ഷന്‍സ് അല്ലെങ്കില്‍ ഡ്രോണ്‍ ഓപ്പറേഷനുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നിര്‍ണായക സംവിധാനങ്ങള്‍ അവിടുത്തെ ഭൂമിക്കടിയില്‍ ഉണ്ടായിരുന്നിരിക്കാം എന്നാണ് ആക്രമണത്തിന്റെ ഫലമായി രൂപംകൊണ്ട ഗര്‍ത്തത്തിന്റെ സാമീപ്യം സൂചിപ്പിക്കുന്നതെന്ന് ജിയോ ഇന്റലിജന്‍സ് റിസര്‍ച്ചറായ ഡാമിയന്‍ സൈമണ്‍ പറഞ്ഞു. കൃത്യതയോടെ, ആഴത്തില്‍ പതിക്കുംവിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണമെന്നും അത് പാക് സുപ്രധാന മേഖലയുടെ സംരക്ഷണസംവിധാനങ്ങളെ നിലംപരിശാക്കിയെന്നും ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

സ്ഥിരീകരിക്കപ്പെടുന്ന പക്ഷം, പാകിസ്ഥാന്റെ ഭൂഗര്‍ഭ സൈനിക സംവിധാനത്തെ പ്രവര്‍ത്തനരഹിതമാക്കാന്‍ ഇന്ത്യ നടത്തിയ ആദ്യ ആക്രമണമായിരിക്കും ഇതെന്നാണ് സൂചന. വ്യോമതാവളത്തിന്റെ മേല്‍ക്കൂരയിലുള്‍പ്പെടെ കേടുപാടുകള്‍ ദൃശ്യമാണ്. ഇന്ത്യന്‍ അതിര്‍ത്തിയോടു ചേര്‍ന്നാണ് മുറിദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉള്‍പ്പെടെയുള്ള പാകിസ്ഥാന്റെ വ്യോമായുധങ്ങളെ സജ്ജമാക്കുന്നതില്‍ നിര്‍ണായ പങ്കാണ് മുറിദിനുള്ളത്. മറ്റൊരു വ്യോമതാവളമായ നൂര്‍ ഖാനിലും മുമ്പ് കണക്കാക്കിയതിനെക്കാള്‍ കൂടുതല്‍ കേടുപാടുകള്‍ സംഭവിച്ചതായാണ് വിവരം. ഇന്ത്യന്‍ ആക്രമണത്തിന് പിന്നാലെ അവശിഷ്ടങ്ങള്‍ നീക്കി ഇവിടം വൃത്തിയാക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്. സി-130 ഹെര്‍ക്കുലീസ്, ഐഎല്‍-78 റീഫ്യുവലിങ് എയര്‍ക്രാഫ്റ്റ് തുടങ്ങിയവ സൂക്ഷിച്ചിരുന്നിടമാണ് നൂര്‍ ഖാന്‍ വ്യോമതാവളം

Exit mobile version