Site iconSite icon Janayugom Online

ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു

തന്ത്രപരമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും ശ്രീലങ്കയും പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെയും തമ്മില്‍ നടന്ന ചര്‍ച്ചകളെത്തുടര്‍ന്ന് ഇരുപക്ഷവും ഒപ്പുവച്ച ഏഴ് പ്രധാന കരാറുകളിൽ ഒന്നാണിത്. ഇന്ത്യയുടേയും ശ്രീലങ്കയുടെയും സുരക്ഷാ താല്പര്യങ്ങള്‍ സമാനമാണെന്ന് വിശ്വസിക്കുന്നു. ഇരുരാജ്യങ്ങളുടെയും സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതായും മോഡി പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക് വിരുദ്ധമായി ശ്രീലങ്കയുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോഡിക്ക് ഉറപ്പുനല്‍കിയതായി അനുര കുമാര ദിസനായകെ പറഞ്ഞു. ആവശ്യമുള്ള സമയങ്ങളിൽ ശ്രീലങ്കയ്ക്ക് ഇന്ത്യ നൽകുന്ന സഹായവും തുടർച്ചയായ ഐക്യദാർഢ്യവും വളരെയധികം വിലമതിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതിരോധ സഹകരണത്തിനു പുറമേ, ട്രിങ്കോമാലിയെ പ്രധാന ഊര്‍ജ കേന്ദ്രമായി വികസിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. സാംപൂർ സൗരോർജ പദ്ധതിയുടെ ഉദ്‍ഘാടനവും ഇരുനേതാക്കളും ചേര്‍ന്ന് നിര്‍വഹിച്ചു. ഗ്രിഡ് ഇന്റര്‍കണക്ടിവിറ്റി ഉടമ്പടിയിലും ഇരുരാജ്യങ്ങളും ഒപ്പിട്ടിട്ടുണ്ട്. ഭാവിയില്‍ ശ്രീലങ്കയ്ക്ക്, ഇന്ത്യയിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാനുള്ള സാധ്യത ഈ കരാര്‍ തുറന്നിടുന്നു. ബാങ്കോക്കില്‍ നടന്ന ബിംസ്റ്റെക് ഉച്ചകോടിയില്‍ പങ്കെടുത്തതിനു ശേഷമാണ് മോഡി ശ്രീലങ്കയിലെത്തിയത്. ഇന്‍ഡിപെന്‍ഡഡ് സ്‍ക്വയറിലാണ് അദ്ദേഹത്തിന് സ്വീകരണമൊരുക്കിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ വഹിച്ച പങ്കിനെ മാനിച്ച് പരമോന്നത സിവിലിയന്‍ ബഹുമതിയായ മിത്ര വിഭൂഷണ അവാര്‍ഡ് നല്‍കി മോഡിയെ ആദരിച്ചു. 2008ല്‍ അന്നത്തെ പ്രസിഡന്റ് മഹിന്ദ രാജപക്സെ സ്ഥാപിച്ച പുരസ്കാരം ഇതിനുമുമ്പ് മാലദ്വീപ് മുന്‍ പ്രസിഡന്റ് മൗമൂൺ അബ്ദുൾ ഗയൂം, അന്തരിച്ച പലസ്തീൻ നേതാവ് യാസർ അറഫാത്ത് എന്നിവർക്കാണ് ലഭിച്ചത്.

Exit mobile version