Site iconSite icon Janayugom Online

ഇന്ത്യ‑ബംഗ്ലാദേശ് ബന്ധം വഷളാകുന്നു

ഇന്ത്യ‑ബംഗ്ലാദേശ് ബന്ധം വഷളാകുന്നു. ഇന്ത്യയിലെ ബംഗ്ലാദേശ് എംബസികള്‍ക്കു നേരെ ഉയരുന്ന പ്രതിഷേധത്തില്‍ ധാക്കയിലെ ഇന്ത്യന്‍ അംബാസഡറെ യൂനുസ് സര്‍ക്കാര്‍ വിളിച്ചു വരുത്തി. എംബസികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ് ഭരണകൂടം ഇന്ത്യയോട് ആവശ്യപ്പെട്ടു.
ബംഗാളിലെ സിലിഗുരിയിലും ന്യൂഡല്‍ഹി ചാണക്യപുരിയിലുമാണ് ബംഗ്ലാദേശ് എംബസികള്‍ പ്രവര്‍ത്തിക്കുന്നത്. സിലിഗുരിയിലെ എംബസിക്കു മുന്നിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എംബസികളുടെ സുരക്ഷയില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ധാക്കയെ അറിയിച്ചത്. 

ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയാക്കിയ സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ഇന്നലെ ബംഗ്ലാദേശ് എംബസിക്കു മുന്നില്‍ പ്രതിഷേധമുണ്ടായി. കാവിക്കൊടികളുമേന്തി ഹനുമാന്‍ ചാലിസയും ഹൈന്ദവ ഭക്തി ഗാനങ്ങളുമായി വിഎച്ച്പി, ബംജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ അതീവ സുരക്ഷാ മേഖലയായ ചാണിക്യപുരിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷനു മുന്നിലേക്ക് പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസുകളും ബാരിക്കേഡുകളും പൊലീസ് സജ്ജീകരിച്ചിരുന്നെങ്കിലും തടസങ്ങള്‍ മറികടന്ന് പ്രതിഷേധക്കാര്‍ മുന്നോട്ടു പോയി. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു. ഡല്‍ഹി പൊലീസും അര്‍ധ സൈനിക വിഭാഗവും ചേര്‍ന്ന് 1500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് ഇവിടെ വിന്യസിച്ചിരുന്നത്. 

അതേസമയം ഇന്ത്യയിലെ കോൺസുലർ, വിസാ സേവനങ്ങൾ അനിശ്ചിതകാലത്തേക്ക് നിർത്തിവച്ചതായി ബംഗ്ലാദേശ് ഹൈക്കമ്മിഷൻ. ചിറ്റഗോങ്ങിലെ ഇന്ത്യൻ വിസാ അപേക്ഷാ കേന്ദ്രത്തിൽ (ഐവിഎസി) സുരക്ഷാ പ്രശ്നത്തെ തുടർന്ന് ഇന്ത്യ വിസാ പ്രവർത്തനങ്ങൾ നിർത്തിവച്ചതിന് പിന്നാലെയാണ് നടപടി. ഇതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഖേദിക്കുന്നുവെന്നും ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മിഷൻ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

Exit mobile version