Site iconSite icon Janayugom Online

കട്ടക്കില്‍ കിടുക്കി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ ടി20യില്‍ ഇന്ത്യക്ക് 101 റണ്‍സിന്റെ വിജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആ­ദ്യ ടി20 ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യക്ക് 101 റണ്‍സിന്റെ ആധികാരിക ജയം. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തു. ഹാര്‍ദിക് പാണ്ഡ്യയുടെ അര്‍ധസെഞ്ചുറി പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോര്‍ നല്‍കിയത്. 28 പന്തില്‍ ആറ് ഫോറും നാല് സിക്സറുമുള്‍പ്പെടെ 59 റണ്‍സുമായി ഹാര്‍ദിക് പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 12.3 ഓവറില്‍ 74 റണ്‍സിന് ഓള്‍ഔട്ടായി. ഡെവാള്‍ഡ് ബ്രെവിസ് ഓറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും ഫലമുണ്ടായില്ല.സ്കോര്‍ബോര്‍ഡില്‍ റണ്ണെത്തും മുമ്പെ ഓപ്പണറായ ക്വിന്റണ്‍ ഡി കോക്കിനെ നഷ്ടമായി. ഡി കോക്കിനെ അര്‍ഷദീപ് സിങ്, അഭിഷേക് ശര്‍മ്മയുടെ കൈകളിലെത്തിച്ചു. മൂന്നാമനായെത്തിയ ട്രിസ്റ്റന്‍ സ്റ്റബ്സ് പതിയെ സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അര്‍ഷദീപ് താരത്തെ മടക്കി. ഒമ്പത് പന്തില്‍ 14 റണ്‍സാണ് സ്റ്റബ്സിന്റെ സമ്പാദ്യം. ക്യാപ്റ്റനും ഓപ്പണറുമായ എയ്ഡന്‍ മാര്‍ക്രത്തിനും തിളങ്ങാനായില്ല. 14 റണ്‍സാണ് താരം നേടിയത്. ഡേവിഡ് മില്ലര്‍ ഒരു റണ്‍ എടുത്ത് മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക 6.1 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായി. ബ്രെവിസ് 14 പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. പിന്നീട് അധികം വൈകാതെ ദക്ഷിണാഫ്രിക്കന്‍ വാലറ്റത്തെ ഇന്ത്യന്‍ ബൗളര്‍മാര്‍ കൂടാരം കയറ്റിയതോടെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി അര്‍ഷദീപ് സിങ്, ജസ്പ്രീത് ബുംറ, അക്സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

മോശം തുടക്കമായിരുന്നു ഇന്ത്യയുടെത്. 48 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണറായ ശുഭ്മാന്‍ ഗില്‍ വീണ്ടും നിരാശപ്പെടുത്തി. സ്കോര്‍ 17ല്‍ നില്‍ക്കെ നാല് റണ്‍സെടുത്ത ഗില്ലിനെ ലുങ്കി എന്‍ഗിഡിയാണ് പുറത്താക്കിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. മാര്‍ക്കോ യാന്‍സണ്‍ എറിഞ്ഞ ഓവറില്‍ ഒരു റണ്‍ മാത്രമാണ് സൂര്യകുമാറിന് നേടാനായത്. 11 പന്തില്‍ 12 റണ്‍സാണ് സൂര്യയുടെ സമ്പാദ്യം. സ്കോര്‍ 50 എത്തും മുന്നേ വെടിക്കെട്ട് ഓപ്പണറായ അഭിഷേക് ശര്‍മ്മയും മടങ്ങി. 12 പന്തില്‍ 17 റണ്‍സെടുത്താണ് അഭിഷേകിന്റെ മടക്കം. 

8.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 150 കടന്നത്. പിന്നാലെയെത്തിയ തിലക് വര്‍മ്മ രണ്ടക്കം കണ്ടെങ്കിലും റണ്‍സ് കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടി. 32 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്. അക്സര്‍ പട്ടേലും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് സ്കോര്‍ 100 കടത്തി. നാല് റണ്‍സ് കൂടി അധികം ചേര്‍ത്തതിന് പിന്നാലെ അക്സര്‍ പട്ടേല്‍ മടങ്ങി. 21 പന്തില്‍ 23 റണ്‍സാണ് അക്സര്‍ അടിച്ചെടുത്തത്. ശിവം ദുബെയ്ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത ദുബെയെ ഡൊണോവാന്‍ ഫെരെയ്‌ര ബൗള്‍ഡാക്കി. ജിതേഷ് ശര്‍മ്മയെ കൂട്ടുപിടിച്ച ഹാര്‍ദിക് 25 പന്തില്‍ അര്‍ധസെഞ്ചുറി നേടി. ഹാര്‍ദിക്കിനെ കൂടാതെ അഞ്ച് പന്തില്‍ 10 റണ്‍സെടുത്ത് ജിതേഷും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എന്‍ഗിഡി മൂന്ന് വിക്കറ്റും ലുതോ സിപമ്ല രണ്ട് വിക്കറ്റ് വിക്കറ്റും വീഴ്ത്തി. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചില്ല. പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയാണിറങ്ങിയത്. കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരും പുറത്തിരുന്നു. 

Exit mobile version