ഇന്ത്യക്കെതിരെ വീണ്ടും പ്രകോപനശ്രമവുമായി അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം. ഭൂട്ടാനിലെ അമോ ചു നദീതടത്തില്‍ ചൈനീസ് നിര്‍മ്മിതികള്‍ കണ്ടെത്തിയതായി ഇന്ത്യ ടുഡെ വാര്‍ത്തയില്‍ പറയുന്നു. ചൈന നടത്തുന്ന നിര്‍മ്മാണത്തില്‍ ഇന്ത്യന്‍ സൈന്യം കുടുത്ത അമര്‍ഷത്തിലാണ്. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യുടെ ആയിരക്കണക്കിന് അംഗങ്ങള്‍ താമസിക്കുന്നതായും വാര്‍ത്താ വിനിമയ സങ്കേതങ്ങള്‍ സ്ഥാപിച്ചതായും തങ്ങള്‍ക്ക് ലഭിച്ച രഹസ്യചിത്രങ്ങളിലുണ്ടെന്നാണ് വാര്‍ത്തയിലുള്ളത്. ചൈനീസ് സൈനിക ഗ്രാമമാണ് നിര്‍മ്മാണത്തിലുള്ളതെന്നാണ് സൂചന. സൈനികര്‍ക്ക് താമസിക്കാന്‍ 1000 സ്ഥിരം സംവിധാനങ്ങളും നിരവധി താല്‍ക്കാലിക ഷെഡ്ഡുകളും സമീപകാലങ്ങളില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.
നേരത്തെ ദോക്‌ലാമില്‍ ഇന്ത്യന്‍ സൈന്യത്തില്‍ നിന്ന് ശക്തമായ തിരിച്ചടിനേരിട്ട ശേഷം പ്രദേശത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഇന്ത്യന്‍ പ്രതിരോധത്തെ മറികടക്കാന്‍ ഒരു ബദല്‍ അച്ചുതണ്ടിലൂടെ ചൈന ശ്രമിക്കുകയാണ്. തന്ത്രപ്രധാനമായ ദോക്‌ലാം സമതലത്തിന് അരികിലൂടെയാണ് അമോ ചു ഒഴുകുന്നത്. ഇന്ത്യയുടെ സിലിഗുരി ഇടനാഴിക്ക് നേര്‍രേഖയിലാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇന്ത്യ‑ചൈന ഭൂട്ടാന്‍ ദോക്‌ലാം ട്രൈ-ജങ്ഷനില്‍ നിന്ന് അല്പം അകലെയാണ് ഇത്. 2017ല്‍ ബീജിങ്ങിന്റെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മില്‍ സൈനിക തര്‍ക്കം നിലനിന്നിരുന്നു. 2017ന് മുമ്പ് പ്രദേശവുമായി ചൈനയ്ക്കോ, ഭൂട്ടാന്‍ സൈന്യത്തിനോ ഒരു ബന്ധവുമില്ലായിരുന്നു.
എന്നാല്‍ ഭൂട്ടാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. ചരിത്രം അങ്ങനെയാണെന്നും ചൈന പറയുന്നു. ഭൂട്ടാന്‍, സിക്കിം, ലഡാക്ക് എന്നിവ ഏകീകൃത ടിബറ്റിന്റെ ഭാഗമാണെന്ന് അവകാശപ്പെട്ട് 1960ല്‍ ചൈനീസ് സര്‍ക്കാര്‍ ഒരു പ്രസ്താവന ഇറക്കിയിരുന്നു. ചൈനയുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
ദോക്‌ലാമിന്റെ പടിഞ്ഞാറ് ഭാഗത്ത് ചൈനയുടെ നിയന്ത്രണത്തിലുള്ള ഭൂട്ടാൻ പ്രദേശത്ത് നടക്കുന്ന ഏതൊരു പ്രവർത്തനവും ഇന്ത്യയുടെ സുരക്ഷാ താല്പര്യങ്ങൾക്ക് ഭീഷണിയാകുമെന്ന് സൈനിക വൃത്തങ്ങള്‍ അഭിപ്രായപ്പെടുന്നു. ദോക്‌ലാം പീഠഭൂമിയുടെ നിയന്ത്രണം ചൈനയ്ക്ക് തന്ത്രപരമായ നേട്ടങ്ങൾ നൽകുമെന്നും വിലയിരുത്തലുണ്ട്. ഭൂട്ടാനും, സിക്കിമിനും ഇടയിലെ ചുംബി താഴ്‍വരയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ഉണ്ട്.
English Summary: china-Indian border dispute
You may also like this video