ഖലിസ്ഥാന്‍ നേതാവും കനേഡിയന്‍ പൗരനുമായ ഹര്‍ദീപ്‌സിങ് നിജ്ജാറിന്റെ മരണത്തിനു പിന്നില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം അതീവ ഗുരുതരമാണെന്ന് യുഎസ്. വിഷയത്തില്‍ അന്വേഷണം നടത്താനുള്ള കാനഡയുടെ നീക്കങ്ങളെ പിന്തുണയ്ക്കുമെന്നും ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും യുഎസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് മേധാവി ജോണ്‍ കിര്‍ബി പറഞ്ഞു.
യുഎസ് പ്രസിഡന്റ് ആരോപണത്തെ ഗൗരവമായാണ് കാണുന്നത്. തികച്ചും സുതാര്യവും സമഗ്രവുമായ അന്വേഷണമാണ് ശരിയായ സമീപനം. സംഭവിച്ച എല്ലാ കാര്യങ്ങളും പുറത്തുവരണം. ഇന്ത്യ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ കിര്‍ബി പറഞ്ഞു. കാനഡ ഇതേക്കുറിച്ച് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തില്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല. എന്താണ് സംഭവിച്ചതെന്ന് കാനഡയിലെ ജനങ്ങള്‍ക്ക് അറിയണം. രണ്ടു രാജ്യങ്ങളുമായും ഇതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, നിജ്ജറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് കാനഡയോട് ഇന്ത്യ പ്രതികരിച്ചു. ട്രൂഡോയുടെ ആരോപണങ്ങൾ ഇന്ത്യ നേരത്തെ നിഷേധിച്ചിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന ഉന്നത വിദേശകാര്യ മന്ത്രാലയത്തിന്റെയും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുടെയും യോഗത്തിനു പിന്നാലെയാണ് പ്രതികരണം. സിഖ് പ്രവാസികൾക്കിടയില്‍ ഖലിസ്ഥാന്‍ വിഘടവാദികളെ കാനഡ പ്രോത്സാഹിപ്പിക്കുന്നതായും പ്രസ്താവനയില്‍ ആരോപിച്ചു.
ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ (കെടിഎഫ്) കാനഡയിലെ തലവന്‍ ഹര്‍ദീപ് സിങ് നിജ്ജാര്‍ ജൂണ്‍ 18നാണ് യുഎസ് കാനഡ അതിര്‍ത്തിയിലെ സറെ നഗരത്തില്‍ അജ്ഞാതരുടെ വെടിയേറ്റുമരിച്ചത്. നിര്‍ത്തിയിട്ടിരുന്ന കാറില്‍ തലയ്ക്കു വെടിയേറ്റ നിലയിലാണു നിജ്ജാറിന്റെ മൃതദേഹം കണ്ടെത്തിയത്.
English summary; India-Canada Diplomatic Dispute; US to cooperate with investigation
you may also like this video;