കലുഷിതമായ ഇന്ത്യ — കാനഡ നയതന്ത്ര ബന്ധം സംബന്ധിച്ച് വിദേശകാര്യ സെക്രട്ടറി പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ വിശദീകരണം നല്‍കും. ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത് സംബന്ധിച്ച് വിക്രം മിസ്ത്രി വിദേശകാര്യ പാര്‍ലമെന്ററി സമിതി മുമ്പാകെ ആറിന് വിശദീകരണം നല്‍കും. ചൈനീസ് അതിര്‍ത്തിയിലെ പട്രോളിങ് സംബന്ധിച്ചും അദ്ദേഹം വിശദീകരണം നല്‍കും.
ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ പങ്ക് ചൂണ്ടിക്കാട്ടി കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തുവന്നതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായത്. ഏറ്റവും ഒടുവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ അറിവോടെയാണ് നിജ്ജര്‍ വധമെന്നും കനേഡിയന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. കനേഡിയന്‍ ഉപവിദേശകാര്യ മന്ത്രി ഡേവിഡ് മോറിസണ്‍ ആണ് നിജ്ജര്‍ വധത്തില്‍ അമിത് ഷായെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രസ്താവന നടത്തിയത്.
ആരോപണം ഇന്ത്യ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്തിരുന്നു. ഖലിസ്ഥാന്‍ വിഘടന വാദികള്‍ കനേഡിയന്‍ മണ്ണില്‍ നിന്ന് ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതായും ഇന്ത്യ തിരിച്ചടിച്ചിരുന്നു. വിഷയങ്ങള്‍ സങ്കീര്‍ണമായി തുടരുന്ന സാഹചര്യത്തിലാണ് മിസ്ത്രി ഹാജരാകുന്നത്.
ജസ്റ്റിന്‍ ട്രൂഡോ ആരോപണം ആവര്‍ത്തിച്ചതിനുപിന്നാലെ കനേഡിയന്‍ സ്ഥാനപതി സഞ്ജയ് വര്‍മ്മയെ ന്യൂഡല്‍ഹി തിരിച്ച് വിളിച്ചിരുന്നു. വര്‍മ്മയുടെ അറിവോടെയാണ് വധം നടന്നതെന്നായിരുന്നു ട്രൂഡോയുടെ ആരോപണം. റിസര്‍ച്ച് ആന്റ് അനാലിസിസ് വിങ് (റോ) ഉദ്യോഗസ്ഥന്‍ വികാസ് യാദവ് വഴിയാണ് നിജ്ജര്‍ വധം നടന്നതെന്ന് കനേഡിയന്‍ അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. എന്നാല്‍ വികാസ് യാദവ് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല എന്നായിരുന്നു ഇന്ത്യയുടെ മറുപടി.