സംഘര്‍ഷഭരിതമായ കിഴക്കന്‍ മേഖലയില്‍ സുരക്ഷയും സ്ഥിരതയും തുടരാന്‍ ഇന്ത്യ‑ചൈന കമാന്‍ഡര്‍തല ചര്‍ച്ചയില്‍ ധാരണയായി. ചൊവ്വാഴ്ച ചൈനീസ് ഭാഗത്തെ ചുഷുല്‍ മോള്‍ഡൊ അതിര്‍ത്തിയിലാണ് 17ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ച നടന്നത്. നയതന്ത്ര ചാനലിലൂടെയും സൈനിക തല ചര്‍ച്ചയിലൂടെയും പ്രശ്നങ്ങള്‍ കഴിയുന്ന വേഗത്തില്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജൂലൈ 17നാണ് 16ാം വട്ട കമാന്‍ഡര്‍തല ചര്‍ച്ച നടന്നത്. യാങ്സെ മേഖലയിലെ തവാങ് പ്രദേശത്തുണ്ടായ സൈനീക ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് അടിയന്തരമായി യോഗം വിളിച്ചുചേര്‍ത്തത്. പടിഞ്ഞാറന്‍ മേഖലയിലും യഥാര്‍ത്ഥ അതിര്‍ത്തി രേഖയിലും നിയന്ത്രണവും സുരക്ഷയും തുടരുമെന്ന് പ്രസ്താവനയില്‍ പറയുന്നു.