Site iconSite icon Janayugom Online

ഇന്ത്യ ഏകോപന സമിതിയോഗം ; സീറ്റ് വിഭജനം ഉടന്‍

പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ആദ്യ ഏകോപനസമിതി യോഗം ന്യൂഡല്‍ഹിയില്‍ സമാപിച്ചു. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യോഗത്തില്‍ ധാരണയായതായി സംയുക്ത പ്രസ്താവനയില്‍ നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടികളുടെ പ്രകടനം, പ്രാദേശികമായി ശക്തിയുള്ള പാര്‍ട്ടി എന്നീ വിഷയങ്ങള്‍ സീറ്റ് വിഭജനത്തില്‍ പരിഗണിക്കും. ബിഹാറില്‍ നടന്നു വരുന്ന ജാതി സെന്‍സസ് സംബന്ധിച്ച് ചര്‍ച്ച നടത്തും. സഖ്യത്തിലെ വിവിധ പാര്‍ട്ടികളുടെ ആഭിമുഖ്യത്തില്‍ രാജ്യമാകെ സംയുക്ത ‍തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. ആദ്യ റാലി അടുത്തമാസം ആദ്യവാരം മധ്യപ്രദേശിലെ ഭോപ്പാലില്‍ നടത്തും.

ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ബിജെപി ഭരണത്തിന് അറുതി വരുത്താന്‍ രൂപീകരിച്ച 28 പാര്‍ട്ടികളിലെ 14 പേരടങ്ങുന്ന ഏകോപന സമിതി എന്‍സിപി നേതാവ് ശരദ് പവാറിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. രാജ്യത്ത് നിലനില്‍ക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ, മോഡി സര്‍ക്കാരിന്റെ അഴിമതി, ന്യൂനപക്ഷ വേട്ട എന്നിവ ജനങ്ങളില്‍ എത്തിക്കാന്‍ യോഗത്തില്‍ ധാരണയായി. സഖ്യത്തിലെ പാര്‍ട്ടികള്‍ സീറ്റ് വിഭജനം സംബന്ധിച്ച് സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കുമെന്ന് സമിതി അംഗമായ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു.

ആദ്യ യോഗത്തില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സൊരേന്‍, ലല്ലന്‍ സിങ് (ജെഡി), ടി ആര്‍ ബാലു (ഡിഎംകെ), സഞ്ജയ് റാവത്ത് (ശിവസേന), തേജസ്വി യാദവ് (ആര്‍ജെഡി), രാഘവ് ഛദ്ദ (എഎപി), ജാവേദ് അലിഖാന്‍ (എസ്‌പി), ഒമര്‍ അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: india coor­di­na­tion com­mit­tee meeting
You may also like this video

Exit mobile version