അണ്ടർ 19 ലോകകപ്പിലെ നിർണായകമായ സൂപ്പർ സിക്സ് പോരാട്ടത്തിൽ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. 58 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ സെമിയുറപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.5 ഓവറിൽ 252 റൺസിന് എല്ലാവരും പുറത്തായി. 68 റൺസ് നേടിയ വേദാന്ത് ത്രിവേദിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മറുപടി ബാറ്റിറങ്ങിനിറങ്ങിയ പാകിസ്ഥാനെ 46.2 ഓവറില്‍ 194 റണ്‍സിന് ഇന്ത്യ എറിഞ്ഞിട്ടു.
66 റണ്‍സ് നേടിയ ഉസ്മാന്‍ ഖാനാണ് പാകിസ്ഥാന്റെ ടോപ് സ്കോറര്‍. മൂന്ന് വിക്കറ്റ് വീതം നേടിയ ഖിലാന്‍ പട്ടേലും ആയുഷ് മാത്രെയുമാണ് പാകിസ്ഥാനെ എറിഞ്ഞിട്ടത്.
ഓപ്പണർമാരായ വൈഭവ് സൂര്യവംശിയും (30), മലയാളി താരം ആരോൺ ജോർജും (11) ചേർന്ന് ഒന്നാം വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്തു. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 47 റൺസ് എന്ന നിലയിലായിരുന്ന ഇന്ത്യക്ക്, വെറും നാല് പന്തിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് വലിയ തിരിച്ചടിയായി. വൈഭവ് സൂര്യവംശി (30), ക്യാപ്റ്റൻ ആയുഷ് മാത്രെ (0), മലയാളി താരം ആരോൺ ജോർജ് (11) എന്നിവർ അടുത്തടുത്ത പന്തുകളിൽ മടങ്ങി. തകർച്ചയിൽ നിന്നും വേദാന്ത് ത്രിവേദിയും (68) വിഹാൻ മൽഹോത്രയും (18) ചേർന്നാണ് ഇന്ത്യയെ കരകയറ്റിയത്.
മധ്യനിര പതറിയെങ്കിലും വാലറ്റത്ത് കനിഷ്ക് ചൗഹാനും (35), ഖിലൻ പട്ടേലും (21) ചേർന്ന് നടത്തിയ പ്രകടനം ഇന്ത്യൻ സ്കോർ 250 കടത്തി. എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി. ആർ എസ് അബ്രീഷം 29 റൺസ് നേടി പിന്തുണ നൽകി. പാകിസ്ഥാന് വേണ്ടി അബ്ദുൾ സുബ്ഹാൻ മൂന്നും മുഹമ്മദ് സയ്യാം രണ്ട് വിക്കറ്റും നേടി.

