Site icon Janayugom Online

രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍; ഇംഗ്ലണ്ടിന് തുടക്കം പാളി

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന് മോശം തുടക്കം. ഇന്ത്യ ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്കോറായ 364 പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. 11 രണ്‍സെടുത്ത ഓപ്പണര്‍ ഡോം സിബിലിയും ഡക്കായ ഹസീബ് ഹമീദുമാണ് പുറത്തായത്. രണ്ട് വിക്കറ്റുകളും സിറാജിനാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 39 രണ്‍സെടുത്തിട്ടുണ്ട്. നായകന്‍ ജോ റൂട്ടും ബേണ്‍സുമാണ് ക്രീസില്‍.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 364 റണ്‍സിന് പുറത്തായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സെന്ന ശക്തമായ നിലയില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യക്ക് അവസാന ഏഴ് വിക്കറ്റില്‍ 88 റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാനായുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആന്‍ഡേഴ്സണാണ് ഇന്ത്യയെ ഒതുക്കിയത്.

സെഞ്ചുറി നേടിയ കെ എല്‍ രാഹുലാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 250 പന്തില്‍ നിന്ന് ഒരു സിക്സും 12 ഫോറുമടക്കം 129 റണ്‍സെടുത്ത രാഹുലിനെ ഒലെ റോബിന്‍സണ്‍ പുറത്താക്കുകയായിരുന്നു. രണ്ടാം ദിനത്തിലെ രണ്ടാം ഓവറിലും ഇന്ത്യക്ക് തിരിച്ചടിയേറ്റു. ജെയിംസ് ആന്‍ഡേഴ്സണ്‍ ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുത്തു. ഓഫ് സ്റ്റമ്പിന് പുറത്തുപോയ പന്തില്‍ ബാറ്റുവച്ച രഹാനെ രണ്ടാം ദിനം നേരിട്ട ആദ്യ പന്തില്‍ പുറത്തായി. 23 പന്തില്‍ ഒരു റണ്ണായിരുന്നു ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ സംഭാവന.

പിന്നീട് മികച്ചൊരു കൂട്ടുകെട്ട് കണ്ടു. റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്നായിരുന്നു ഇത്. 49 റണ്‍സ് ഇരുവരും ടീം സ്കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അഗ്രവീസ് ശൈലിയില്‍ ബാറ്റ് ചെയ്ത റിഷഭ് പുറത്തായതോടെ ഈ സഖ്യം വേര്‍പിരിയുകയായിരുന്നു. 58 ബോളില്‍ നിന്നും അഞ്ചു ബൗണ്ടറികളോടെ 37 റണ്‍സെടുത്ത റിഷഭിനെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ ക്യാച്ച് ചെയ്യുകയായിരുന്നു. മുഹമ്മദ് ഷമി വന്നതും പോയതും പെട്ടെന്നായിരുന്നു. രണ്ടാമത്തെ ബോളില്‍ അക്കൗണ്ട് തുറക്കും മുമ്പ് ഷമിയെ മോയിന്‍ അലി പുറത്താക്കി.

എന്നാല്‍ ജഡേജയും ഇഷാന്തും ചേര്‍ന്ന് ഇന്ത്യയെ ല‍ഞ്ചിന് പിരിയുമ്പോള്‍ 347ല്‍ എത്തിച്ചു. ലഞ്ചിനുശേഷം ഇഷാന്ത് ശര്‍മയെയും ജസ്പ്രീത് ബുമ്രയെയും മടക്കി ആന്‍ഡേഴ്സണ്‍ ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിച്ചപ്പോള്‍ അവസാന വിക്കറ്റില്‍ വമ്പനടിക്ക് മുതിര്‍ന്ന ജഡേജയെ മാര്‍ക്ക് വുഡിന്റെ പന്തില്‍ ആന്‍ഡേഴ്സണ്‍ പിടികൂടി.
You may also like this video:

Exit mobile version